മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകളും ഭാഗികമായി തടസപ്പെട്ട നിലയിലാണ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടേയും വിതരണം നിലച്ചിട്ട് ഒരാഴ്ചയോട് അടുക്കുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതർ. ന്യായവില മരുന്ന് ഷോപ്പുകളിൽ പോലും മരുന്നുകൾ കിട്ടാതായതോടെ വലിയ തുക കൊടുത്ത് മരുന്നുകൾ പുറത്ത് നിന്ന് വാങ്ങേണ്ട ദുരവസ്ഥയിലാണ് സാധാരണക്കാരായ രോഗികൾ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകളും ഭാഗികമായി തടസപ്പെട്ട നിലയിലാണ്.
മരുന്ന് വിതരണക്കാരുടെ സമരം നീണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നീതി മെഡിക്കൽ സ്റ്റോർ വഴിയുള്ള മരുന്നുകളുടെയും, ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിൽപ്പന പൂർണ്ണമായും നിലച്ചു. ഡോക്ടറുടെ കുറിപ്പുമായി എത്തിയവരെല്ലാം മരുന്ന് ലഭിക്കാതെ മടങ്ങുകയാണ്. മരുന്നുകളെല്ലാം ഇനി വലിയ തുക കൊടുത്ത് പുറത്തുനിന്നും വാങ്ങണമെന്ന ആശങ്കയും രോഗികൾ പങ്കുവെക്കുന്നു. ആശുപത്രിയിലെ ശസ്ത്രക്രിയകളും തടസപ്പെടുന്ന സാഹചര്യമാണുള്ളത്.
വിതരണക്കാരുടെ ഒരു മാസത്തെ കുടിശ്ശിക നൽകുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചെങ്കിലും, 9 മാസത്തെ കുടിശ്ശികയിനത്തിലുള്ള 90 കോടിയോളം രൂപ ലഭിക്കാതെ മരുന്ന് വിതരണം പുനരാരംഭിക്കാൻ ആവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിതരണക്കാർ. ഒരു മാസത്തെ കുടിശിക തീർക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.
ALSO READ: നിറത്തിൻ്റെ പേരിൽ അവഹേളനം; മലപ്പുറത്ത് നവവധു ജീവനൊടുക്കി