മൂന്ന് വർഷത്തോളം ഈ കമ്പനിയിൽ ജോലി ചെയ്തു ഒടുവിൽ ഭീഷണി സഹിക്കാനാകാതെ അത് ഉപേക്ഷിച്ച് വന്നതാണ് ശ്രീകൃഷ്ണപുരം സ്വദേശിയായ മുൻ ജീവനക്കാരൻ അരുൺകുമാർ.
ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിലെ കൊടിയ തൊഴിൽ പീഡനങ്ങളെ കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ മുൻ ജീവനക്കാരൻ അരുൺകുമാർ. മൂന്ന് വർഷത്തോളം ഈ കമ്പനിയിൽ ജോലി ചെയ്തു ഒടുവിൽ ഭീഷണി സഹിക്കാനാകാതെ അത് ഉപേക്ഷിച്ച് വന്നതാണ് അരുൺ.
"അന്നത്തെ സീനിയർ മാനേജർ തിരുവല്ല പാണ്ടനാട് സ്വദേശി രാകേഷിൻ്റെ ബ്രാഞ്ചിൽ നിന്ന് ഞാൻ ഇറങ്ങിപ്പോന്നതാണ്. ആദ്യ പ്രളയത്തെ തുടർന്ന് എനിക്കൊരു ആക്സിഡൻ്റ് സംഭവിക്കുകയും അവിടെ നിന്ന് എനിക്ക് പോരേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു. അന്ന് എന്നെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. നാട്ടിൽ വന്ന് തല്ലുമെന്നും കൈയ്യും കാലുമൊടിക്കുമെന്നും ഭീഷണിപ്പെടുത്തി," അരുൺകുമാർ പറഞ്ഞു.
"ഇതിന് പുറമെ ടാർഗറ്റ് തികയ്ക്കാത്തതിന് പലവിധം പീഠനങ്ങൾ നേരിടേണ്ടിവന്നു. പച്ചമുളക് തീറ്റിക്കുകയും, ഉപ്പ് കല്ലിന് മുകളിൽ മുട്ടുകുത്തിച്ച് നിർത്തിക്കുകയും, ടോയ്‌ലറ്റിൽ ഉമ്മ വെപ്പിക്കുകയും, സ്ത്രീകളുടെ വേഷം ധരിപ്പിക്കുകയും ചെയ്തു. അങ്ങനെ പറയാൻ പറ്റാത്ത ഒരുപാട് ശിക്ഷകൾ തന്നിട്ടുണ്ട്. ഇത്രയും കാലം പണിയെടുത്തിട്ട് പട്ടിയുടെ വിലയാണ് തന്നത്. ചെയ്ത പണിക്കുള്ള കൂലി പോലും ഞങ്ങൾക്ക് തന്നിട്ടുണ്ടായിരുന്നില്ല," അരുൺ പറഞ്ഞു.
"ഉദയംപേരൂരിലെ ബ്രാഞ്ച് മാനേജർ ഹുബേലിൻ്റെ ബ്രാഞ്ചായ കെൽട്രോയിൽ നടക്കുന്ന തൊഴിൽ പീഡനങ്ങൾ സത്യമാണ്. അവിടെ ഒരാൾ തൊഴിൽ പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതായി എനിക്കറിയാം. ആ കേസ് എങ്ങനെയാണ് ഒത്തുതീർപ്പാക്കിയത്? ഇന്നേ വരെ എന്തെങ്കിലും ഒരു തെളിവെടുപ്പ് അവിടെ നടത്തിയിട്ടുണ്ടോ? ഹുബേൽ അവിടുത്തെ ജോലിക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് അയാളെ ഫോണിൽ വിളിച്ച് ഞാൻ ചീത്തവിളിച്ചിട്ടുണ്ട്. അതിന് ശേഷം അയാളുടെ ഭാഗത്ത് നിന്നും ചീത്തവിളിയുണ്ടായി," അരുൺകുമാർ വെളിപ്പെടുത്തി.