വ്യക്തിപൂജക്കെതിരെയുള്ള പാർട്ടി നിർദേശം ലംഘിച്ചാണ് കണ്ണൂരിൽ വീണ്ടും ഫ്ലക് ഉയർന്നത്
കണ്ണൂരിൽ സിപിഐഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡ്. പി. ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നാണ് ഫ്ലക്സ് ബോർഡിൽ കുറിച്ചിരിക്കുന്നത്. വ്യക്തിപൂജക്കെതിരെയുള്ള പാർട്ടി നിർദേശം ലംഘിച്ചാണ് ഫ്ലക് ഉയർന്നത്.
ആർ വി മെട്ട കക്കോത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 'റെഡ് യങ്സ് കക്കോത്ത്' എന്ന പേരിലാണ് ബോർഡ്. പി. ജയരാനെ ചുരുക്കപേരായ 'പി.ജെ' എന്ന് വിളിച്ചാണ് ഫ്ലക്സിൽ അഭിസംബോധന ചെയ്തിരിക്കുന്നത്.
പി. ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദങ്ങൾ ഇതാദ്യമായല്ല ഉയരുന്നത്. പി. ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടുകളും, ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമെല്ലാം പാർട്ടിക്കകത്ത് നേരത്തെ തന്നെ വലിയ വിവാദമായതാണ്.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ല മുൻ പ്രസിഡൻ്റ് മനു തോമസും പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ വർഷങ്ങളിൽ രംഗത്തെത്തിയിരുന്നു. കണ്ണൂരിൽ വ്യക്തി പൂജയും വ്യക്തി ആരാധനയും ഇപ്പോഴും നടക്കുന്നുണ്ടെന്നും, വ്യക്തി പൂജ പാടില്ലെന്ന് പാർട്ടി കർശന നിലപാടെടുത്തപ്പോൾ പി ജയരാജൻ്റെ 'പിജെ ആർമി' മാറി 'റെഡ് ആർമി' ആയി എന്നു മാത്രമേയുള്ളെന്നുമായിരുന്നു മനു തോമസിൻ്റെ ആരോപണം.