2023 മെയ് 19നാണ് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്
പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 97.96 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 7,261 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ പക്കലുണ്ടെന്നും ആർബിഐ വ്യക്തമാക്കി.
2023 മെയ് 19നാണ് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. അതുവരെ 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ മൊത്തം മൂല്യം 2024 ഓഗസ്റ്റ് 30ന് വ്യാപാരം അവസാനിച്ചപ്പോൾ 7,261 കോടി രൂപയായി കുറഞ്ഞു. 97.96 ശതമാനം നോട്ടുകളും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തി.
ALSO READ: പള്ളിയിൽ കയറി ഓരോരുത്തരെയായി തല്ലിക്കൊല്ലുമെന്ന് ഭീഷണി; ബിജെപി എംഎൽഎക്കെതിരെ കേസ്
2023 ഒക്ടോബർ ഏഴ് വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും, മാറ്റുന്നതിനുമുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു. ഒക്‌ടോബർ 9 മുതൽ ആർബിഐയുടെ 19 മേഖലാ ഓഫീസുകളിൽ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 2000 രൂപ നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിനായി സ്വീകരിക്കുന്നുണ്ട്.
കൂടാതെ, പൊതുജനങ്ങൾക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി രാജ്യത്തെ ഏത് തപാൽ ഓഫീസിൽ നിന്നും 2,000 രൂപ നോട്ടുകൾ പോസ്റ്റ് വഴി അയയ്ക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 2000 രൂപ നോട്ടുകൾ നിയമപരമായി തുടരുമെന്നും ആർബിഐ അറിയിച്ചു.
ALSO READ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; ആറ് സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി കോൺഗ്രസ്
2016 നവംബറിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നായിരുന്നു 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്.