ഡിസംബർ 25 ന് 54,000 പേർക്കും, 26ന് 60,000 ഭക്തർക്കും മാത്രം ദർശനം അനുവദിക്കാമെന്നാണ് ലഭ്യമാകുന്ന വിവരം
ശബരിമലയിൽ മണ്ഡല- മകരവിളക്ക് പൂജ ദിവസങ്ങളിൽ ഭക്തരെ നിജപ്പെടുത്തിയേക്കും. ഹൈക്കോടതി ഉത്തരവിന് ശേഷമായിരിക്കും അന്തിമ തീരുമാനം. ഡിസംബർ 25 ന് 54,000 പേർക്കും, 26ന് 60,000 ഭക്തർക്കും മാത്രം ദർശനം അനുവദിക്കാമെന്നാണ് ലഭ്യമാകുന്ന വിവരം. ഈ ദിവസങ്ങളിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കാനും നീക്കം.
അതേസമയം മണ്ഡല കാലം അവസാനിക്കാറായതോടെ ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ സുരക്ഷയും നിയന്ത്രണങ്ങളും കടുപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ എണ്ണം നിജപ്പെടുത്തുമെന്നും, മരക്കൂട്ടം, ശരം കുത്തി എന്നിവിടങ്ങളിൽ ആളുകളെ കയറ്റി വിടുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും നേരത്തെ നിർദേശം നൽകിയിരുന്നു.
മണ്ഡലപൂജ, തങ്കയങ്കി ദീപാരാധന എന്നിവയ്ക്ക് പുറമെ സ്‌കൂൾ അവധിക്കാലം കൂടി പരിഗണിച്ചു കൂടുതൽ ഭക്തർ മല കയറുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം നടത്തുന്നതിനായി പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. തിരക്ക് കണക്കിലെടുത്ത് സന്നിധാനത്തു നിന്നും പമ്പയിലേക്കുള്ള വഴികൾ എല്ലായ്‌പ്പോഴും തുറന്നിടുകയും നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യും.
പമ്പയിലുള്ള എൻഡിആർഎഫിന്‍റെ സ്ട്രചർ സംഘത്തെ സന്നിധാനത്ത് നിയോഗിക്കും. നടപ്പന്തലിൽ വയോജനങ്ങൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വരി വ്യക്തമാക്കുന്ന ബോർഡ് പുനഃസ്ഥാപിക്കും. നടപ്പന്തലിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിൽ കൂട്ടമായി തീർഥാടകരെ കടത്തിവിടുമ്പോൾ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.