യുദ്ധത്തിൽ മരിച്ച ബിനിൽ ബാബുവിനും സന്ദീപ് ചന്ദ്രനുമൊപ്പം തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിലെത്തിയ കൊല്ലം, എറണാകുളം സ്വദേശികളാണ് പരാതി നൽകുക
റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ പരാതി നൽകാൻ ഒരുങ്ങി തട്ടിപ്പിന് ഇരയായവർ. യുദ്ധത്തിൽ മരിച്ച ബിനിൽ ബാബുവിനും സന്ദീപ് ചന്ദ്രനുമൊപ്പം തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിലെത്തിയ കൊല്ലം, എറണാകുളം സ്വദേശികളാണ് പരാതി നൽകുക. റഷ്യയിൽ നിന്ന് മോചിതനായി തിരികെയെത്തിയ സന്തോഷ് ഷണ്മുഖത്തിന്റെ പരാതിയിൽ തൃശ്ശൂർ സ്വദേശി സുമേഷ് ആൻ്റണിക്കെതിരെ കൊടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
റഷ്യയിലെ യുദ്ധമുഖത്ത് തൃശ്ശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടതും വടക്കാഞ്ചേരി സ്വദേശി ജെയ്ൻ കുര്യന് ഗുരുതരമായി പരുക്കേറ്റതുമായ വാർത്തകൾ പുറത്തു വന്നതോടെയാണ് തൊഴിൽ തട്ടിപ്പിനിരയായവർ പരാതി നൽകാൻ തീരുമാനിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്ന കേസ് സംസ്ഥാനതലത്തിലും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പരാതിയുമായി മുന്നോട്ടു പോകാമെന്ന് ഇവർ തീരുമാനിക്കുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മരിച്ച സന്ദീപ് ചന്ദ്രനും ബിനിൽ ബാബുവിനൊപ്പം കൂലി പട്ടാളത്തിൽ ചേർന്ന എറണാകുളം സ്വദേശി റെനിൽ തോമസ് , കൊല്ലം സ്വദേശി സിബി ബാബു എന്നിവരാണ് ഇന്ന് വിവിധ സ്റ്റേഷനുകളിലായി പരാതി നൽകുക. തൃശ്ശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷണ്മുഖൻ്റെ പരാതിയെ തുടർന്ന് കൊടകര പൊലീസ് മനുഷ്യ കടത്തുമായി ബന്ധപ്പെട്ട ആദ്യ കേസ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തിരുന്നു.
യുവാക്കളെ റഷ്യയിലേക്ക് കടത്താൻ ഏജന്റ് ആയി പ്രവർത്തിച്ച സുമേഷ് ആൻ്റണിയെ പ്രതിയാക്കി എമിഗ്രേഷൻ ആക്ട് , ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനധികൃത മനുഷ്യക്കടത്ത് , ചൂഷണം , വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം വരും ദിവസങ്ങളിൽ കൂടുതലാളുകൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടും. ചാലക്കുടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സുമേഷ് ആന്റണിക്ക് റഷ്യൻ പൗരത്വമുള്ള മലയാളി സന്ദീപ് തോമസുമായി നേരിട്ട് ബന്ധമുണ്ട്.
സന്ദീപിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ സ്വദേശി സിബിയാണ് യുദ്ധത്തിൽ മരിച്ച ബിനിലിനെയും പരുക്കേറ്റ ജെയ്നിനെയും കൊല്ലം സ്വദേശി സിബി ബാബുവിനെയും പണം വാങ്ങി റഷ്യയിൽ എത്തിച്ചത്. ഇക്കാര്യങ്ങൾ കൂടി വ്യക്തമായതോടെയാണ് തട്ടിപ്പ് സംഘത്തിൽ പ്രവർത്തിച്ച മുഴുവനാളുകൾക്കെതിരെയും പരാതി നൽകാൻ യുദ്ധത്തിൽ മരിച്ച യുവാക്കളുടെ ബന്ധുക്കളും തട്ടിപ്പിന് ഇരയായ ശേഷം നാട്ടിൽ മടങ്ങിയെത്തിയവരും തീരുമാനിച്ചിരിക്കുന്നത്.