ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഏക ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള ലെഫറ്റനെൻ്റ് ഗവർണർ വി.കെ. സക്‌സേനയുടെ നിർദേശത്തെ വിമർശിച്ചുകൊണ്ടാണ് മനീഷ് സിസോദിയയുടെ പ്രസ്താവന
ഡൽഹി മുൻസിപ്പൽ കോർപ്പേറഷനിലെ തെരഞ്ഞെടുപ്പ് തർക്കങ്ങൾക്ക് പിന്നാലെ ബിജെപി ജനാധിപത്യം തകർക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഏക ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള ലെഫറ്റനെൻ്റ് ഗവർണർ വി.കെ. സക്‌സേനയുടെ നിർദേശത്തെ വിമർശിച്ചുകൊണ്ടായിരുന്നു മനീഷ് സിസോദിയയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് നടത്താനുള്ള ഡൽഹി മുൻസിപ്പൽ കമ്മീഷണർ അശ്വനി കുമാറിൻ്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും നേതാവ് ആരോപിച്ചു.
"രാത്രി 8:30 ന്, ഡൽഹി ലെഫ്റ്റനെൻ്റ് ഗവർണർ കമ്മീഷണർക്കും മുൻസിപ്പൽ കോർപ്പറേഷനും കത്തെഴുതി. ഒന്നര മണിക്കൂറിനുള്ളിൽ, അതായത് രാത്രി പത്ത് മണിയോടെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നായിരുന്നു കത്തിലെ നിർദേശം. ലെഫ്റ്റനെൻ്റ് ഗവർണർ വി.കെ. സക്സേന നിലവിൽ അമേരിക്കയിലാണ്. അവിടെ നിന്നുമാണ് എന്ത് വില കൊടുത്തും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സക്സേന കമ്മീഷണറോട് പറഞ്ഞത്," മനീഷ് സിസോദിയ വ്യക്തമാക്കി.
ALSO READ: ദീപാവലി സീസണ്‍; തിരക്കൊഴിവാക്കാന്‍ 12500 കോച്ചുകള്‍ അനുവദിച്ചെന്ന് റെയില്‍വേ മന്ത്രി
ബിജെപിയുടെ ഉദ്ദേശം എന്താണെന്ന് ചിന്തിച്ചപ്പോഴാണ് ഈ നീക്കത്തിന് പിന്നിലെ യഥാർത്ഥ കാര്യം മനസിലായത്. എഎപിയുടെയും കോൺഗ്രസിൻ്റെയും കൗൺസിലർമാർ മുനിസിപ്പൽ കോർപ്പറേഷൻ സഭയിൽ നിന്ന് ഇറങ്ങിയപ്പോൾ ബിജെപി മാത്രമായിരുന്നു സഭയിൽ ബാക്കിയുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷണർ ഉത്തരവ് 10 മണിക്ക് വരുമെന്ന് അവർക്കറിയാമായിരുന്നു. ഇത് മുൻകൂട്ടി കണ്ടാണ് ബിജെപി നേതാക്കൾ അവിടെ നിൽക്കുന്നതെന്നും മനീഷ് സിസോദിയ ആരോപിച്ചു.
ഇന്നായിരുന്നു ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കുള്ള ഇലക്ഷൻ നടക്കേണ്ടിയിരുന്നത്. മേയർ ഷെല്ലി ഒബ്‌റോയ് സ്റ്റാൻഡിങ്ങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചെങ്കിലും സഭയിൽ ബഹളമുണ്ടായതിനാൽ അത് മാറ്റിവെക്കേണ്ടി വന്നു. പിന്നാലെ തെരഞ്ഞെടുപ്പിനായുള്ള യോഗം ഒക്‌ടോബർ അഞ്ചിന് ചേരാൻ തീരുമാനിക്കുകയായിരുന്നു. സെപ്തംബർ 27 ന് ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്തിനായുള്ള തെരഞ്ഞെടുപ്പ് നടത്താൻ ഡൽഹി മുൻസിപ്പൽ കമ്മീഷണർ അശ്വനി കുമാർ വ്യാഴാഴ്ചയാണ് ഉത്തരവിറക്കിയത്.