സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിനപ്പുറം തോൽവിക്ക് ശേഷം കെജ്‌രിവാൾ മാധ്യമങ്ങളെയും കാണാൻ തയ്യാറായിട്ടില്ല
എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്ക് എന്ന അഭ്യൂഹം തള്ളി ആംആദ്മിപാർട്ടി. പഞ്ചാബിലെ എഎപി രാജ്യസഭാ എംപി സഞ്ജീവ് അറോറയെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. കെജ്‌രിവാൾ പഞ്ചാബിൽ നിന്ന് രാജ്യസഭയിൽ എത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതിനുപിന്നാലെയാണ് അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്കെന്ന വാർത്ത പ്രചരിച്ചത്.
വ്യവസായി കൂടിയായ സഞ്ജീവ് അറോറയെ 2022- ലാണ് പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. 2028 വരെയാണ് അറോറയുടെ കാലവധി. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആയ സാഹചര്യത്തിൽ അറോറയ്ക്ക് രാജ്യസഭാ അംഗത്വം രാജിവെക്കേണ്ടി വരും. ഈ ഒഴിവിലേക്കാണ് കെജ്‌രിവാളിനെ പരിഗണിക്കുന്നതെന്ന വാർത്ത പുറത്തുവന്നത്. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ തോൽവി സംസ്ഥാനത്ത് പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടി തന്നെയായിരുന്നു. പരാജയത്തിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ പൊതുരംഗത്ത് സജീവമല്ല. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിനപ്പുറം തോൽവിക്ക് ശേഷം കെജ്‌രിവാൾ മാധ്യമങ്ങളെയും കാണാൻ തയ്യാറായിട്ടില്ല.
ദേശീയ രാഷ്ട്രീയത്തിൽ കെജരിവാളിൻ്റെ പ്രധാന്യം കുറയുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നത് കൂടി കണക്കിലെടുത്താണ് ദേശീയ കൺവീനറെ രാജ്യസഭയിലേക്ക് എത്തിക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയത്. ഡൽഹിയിൽ മൂന്നും പഞ്ചാബിൽ ഏഴും സീറ്റുകളാണ് രാജ്യസഭയിൽ എഎപിക്കുള്ളത്. അറോറ വിജയിച്ചാൽ ഒഴിവു വരുന്ന സീറ്റ് കെജ്‌രിവാളിന് നൽകാനുള്ള സമ്മതം സംസ്ഥാനനേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാൽ ഇത് പരസ്യമായി തള്ളുകയാണ് പാർട്ടി. നിലവിൽ അത്തരം ഒരു ചർച്ചയും ഇല്ലെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.