fbwpx
വന്യജീവി ആക്രമണം: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Feb, 2025 09:15 PM

ആശ്വാസ വാക്കുകളോ നഷ്ടപരിഹാരമോ മരിച്ചവരുടെ ഉറ്റവര്‍ക്കുണ്ടാകുന്ന വലിയ നഷ്ടത്തിന് പരിഹാരമാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു

KERALA


സംസ്ഥാനത്തെ വന്യ ജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പട്ടികവര്‍ഗ ക്ഷേമത്തിനുള്ള ഫണ്ട് ഉപയോഗിച്ച് വനമേഖലയില്‍ സംരക്ഷണഭിത്തികള്‍ നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ട് പോയില്ലെന്നും കോടതി വിമര്‍ശനമുന്നയിച്ചു. വിഷയത്തില്‍ അമിക്കസ് ക്യൂറിമാരെ നിയോഗിച്ച ഹൈക്കോടതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികള്‍ ആളുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും നിര്‍ദേശിച്ചു.



സംസ്ഥാനത്ത് കാട്ടാന ആക്രമണത്തെ തുടർന്ന് ഉണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേള്‍ക്കുന്നത് നിരാശാജനകമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയത്. ആശ്വാസ വാക്കുകളോ നഷ്ടപരിഹാരമോ മരിച്ചവരുടെ ഉറ്റവര്‍ക്കുണ്ടാകുന്ന വലിയ നഷ്ടത്തിന് പരിഹാരമാവില്ല. വന്യമൃഗങ്ങളുടെ നിരന്തരമായ ഭീഷണി മൂലം മലയോര മേഖലയിലേയും വനമേഖലകളിലേയും ജനങ്ങള്‍ മരണ ഭയത്തിലാണ് കഴിയുന്നതെന്ന് ഹൈക്കോടതിയുടെ നിരീക്ഷിച്ചു.


ALSO READസമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; മാര്‍ച്ച് 3 ന് നിയമസഭാ മാര്‍ച്ച്



കോടതിയുടെ വിവിധ നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടായിരുന്നിട്ടും പ്രശ്‌നങ്ങള്‍ തുടരുകയാണ്. 2019 മുതല്‍ 2024 വരെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് 555 പേര്‍ മരിച്ചെന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. വന്യമൃഗങ്ങളെ തടയാനായി പട്ടികവര്‍ഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികള്‍ നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ലെന്നുമാണ് സിംഗിള്‍ ബെഞ്ചിൻ്റെ നിരീക്ഷണം.


വനാതിര്‍ത്തികളില്‍ വൈദ്യുതി വേലിയടക്കമുള്ളവ എത്രയും വേഗം സ്ഥാപിക്കണമെന്ന് 2022 സെപ്തംബറില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിന് ശേഷം എടുത്ത നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി. മനുഷ്യ-വന്യമൃഗ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരാതികളും നിര്‍ദേശങ്ങളും അറിയിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സര്‍വേ നടത്തണം.


ALSO READപൊള്ളുന്ന ചൂടിനൊപ്പം വേനൽ മഴയും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികള്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അതിന് ശേഷം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേര്‍ത്ത കോടതി മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ നിഷ്‌ക്രിയമായി തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റെ  നിര്‍ണായക ഇടപെടലുണ്ടായത്.

Also Read
user
Share This

Popular

CHAMPIONS TROPHY 2025
WORLD
അടിപതറി ഇംഗ്ലണ്ട്; ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്ത്, അഫ്ഗാനിസ്ഥാൻ്റെ ജയം 8 റൺസിന്