സംഘടനയിൽ നിന്ന് പുറത്താക്കിയ വിവരം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്‌ജീവ് പുറത്തുവിട്ടു
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ആരോപണ വിധേയനായ അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. അഭിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കിയ വിവരം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്‌ജീവ് പുറത്തുവിട്ടു. ഇന്നലെ ചേർന്ന യൂണിറ്റ് സമ്മേളനത്തിലാണ് അഭിരാജിനെ പുറത്താക്കാനുള്ള തീരുമാനം എസ്എഫ്ഐ സ്വീകരിച്ചത്.
കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവ് അഭിരാജ് അടക്കം മൂന്ന് വിദ്യാർഥികളാണ് കേസിൽ അറസ്റ്റിലായത്. അഭിരാജ്, ആലപ്പുഴ സ്വദേശി ആദിത്യൻ, കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. അഭിരാജ് എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറിയാണ്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ALSO READ: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് വിദ്യാർഥികള്‍ക്കും സസ്പെന്‍ഷന്‍
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് സംഘടന ഭാരവാഹികൾക്ക് പങ്കില്ലെന്നാണ് എസ്എഫ്ഐയുടെ വാദം. അഭിരാജിനെ മനഃപൂർവം കുടുക്കിയതാണെന്നും, യഥാർഥ പ്രതി കെഎസ്‌യു പ്രവർത്തകൻ ആദിലാണെന്നുമാണ് ഏരിയ സെക്രട്ടറി ദേവരാജിൻ്റെ പ്രതികരണം. താൻ ഇന്നേവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിരാജ് പ്രതികരിച്ചു.
ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐയ്ക്ക് ജാഗ്രത കുറവുണ്ടായെന്ന സമ്മതിച്ച് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തിയിരുന്നു.എന്നാൽ വിഷയത്തിൽ കക്ഷി രാഷ്ട്രീയ മേലങ്കി ചാർത്താൻ തങ്ങളില്ലെന്നും സഞ്ജീവ് വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകൻ്റെ റൂമിൽ നിന്ന് 9.7 ഗ്രാമും കെഎസ്‌യു പ്രവർത്തകൻ്റെ റൂമിൽ നിന്ന് 1.9 കിലോയുമാണ് പൊലീസ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെയാണ് കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
എല്ലാത്തിനും കാരണം എസ്എഫ്ഐ ആണെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ പക്ഷമെന്ന് പി. എസ്. സഞ്ജീവ് പറഞ്ഞു. കെഎസ്‌യു പ്രവർത്തകൻ്റെ റൂമിൽ നിന്ന് 1.9 കിലോ പിടി കൂടിയ ഘട്ടത്തിലും കോൺഗ്രസ് നേതാക്കൾ സംഘടനയെ കുറ്റപ്പെടുത്തുകയാണ്. എല്ലാം എസ്എഫ്ഐ നേതാക്കളുടെ തലയിൽ വച്ച് കെട്ടാൻ ശ്രമിക്കരുതെന്നും പി. എസ്. സഞ്ജീവ് കൂട്ടിച്ചേർത്തു.