കാര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
സിനിമ പ്രേമികള്‍ ഏറെ ആഘോഷിച്ച ചിത്രമായിരുന്നു കൈതി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിയാണ് നായകന്‍. ദില്ലി എന്ന കാര്‍ത്തിയുടെ കഥാപാത്രം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 100 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് (എല്‍സിയു) തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കൈതി. ചിത്രത്തിന്റെ റിലീസിന് പിന്നാലെ തന്നെ രണ്ടാം ഭാഗവും ഉണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ചിത്രം 2025ല്‍ ഷൂട്ട് ആരംഭിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ലായിരുന്നു. ഇപ്പോഴിതാ കാര്‍ത്തി തന്നെ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
കാര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ദില്ലി തിരിച്ചെത്തുന്നു' എന്ന ടാഗ് ലൈനോടെ ലോകേഷ് കനകരാജിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് കാര്‍ത്തി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ലോകേഷിന്റെ പിറന്നാള്‍. ഈ വര്‍ഷവും ലോകേഷിന് മികച്ചതാകട്ടെ എന്നും കൈതി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെയും കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് കൈതി 2 ഒരുങ്ങുന്നത്.
ALSO READ: ചെകുത്താന്റെ വരവ് മാര്‍ച്ച് 27ന് തന്നെ; ഉറപ്പിച്ച് പൃഥ്വിരാജ്
കഴിഞ്ഞ ദിവസം ലോകേഷ് കനകരാജ് ആമിര്‍ ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് വൈറലായിരുന്നു. ഇരുവരുടെയും പിറന്നാള്‍ ദിനമായ മാര്‍ച്ച് 14നാണ് ലോകേഷ് എക്‌സില്‍ ചിത്രം പങ്കുവെച്ചത്. ലോകേഷിന്റെ വരാനിരിക്കുന്ന കൂലി എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലോകേഷ് ചിത്രം പങ്കുവെച്ചത്.
അതേസമയം രജനികാന്ത് നായകനാകുന്ന കൂലിയാണ് ലോകേഷ് പുതിയതായി സംവിധാനം ചെയ്ത ചിത്രം. കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 2024ലാണ് ചിത്രത്തിന്റെ പ്രാഥമിക പരിപാടികള്‍ ആരംഭിച്ചത്. 2025ല്‍ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്സ് നിര്‍മാണവും.