ഒരുകാലത്ത് റഷ്യയുടെ സുക്കർബർഗ് എന്ന അറിയപ്പെട്ട ടെക് ഭീമനായ പവേൽ ദുരോവ് ലോകരാജ്യങ്ങളുടെ നോട്ടപ്പുള്ളിയാണ്
ടെലഗ്രാം മേധാവി പവേൽ ദുരോവിനെതിരെ ആരോപണങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് ടെലഗ്രാം മേധാവിയായ പവേൽ ദുരോവിനെ പാരീസിനടുത്തുള്ള വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാകാത്തവർക്കെതിരായ അക്രമം തടയാൻ ചുമതലപ്പെടുത്തിയ ഏജൻസിയായ OFMIN കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പ്, മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ദുറോവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിതെന്നാണ് അധികൃതർ നൽകുന്ന വിവരം.
ഇതിനു പിന്നാലെയാണ് പവേൽ ദുരോവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നു വരുന്നത്. റഷ്യന്‍ ചാരനെന്നും, ഫ്രഞ്ചുചാരനെന്നുമൊക്കെയുള്ള വാദങ്ങൾ പ്രചരിക്കുന്നുണ്ട്. ഒരുകാലത്ത് റഷ്യയുടെ സുക്കർബർഗ് എന്ന അറിയപ്പെട്ട ടെക് ഭീമനായ പവേൽ ദുരോവ് ലോകരാജ്യങ്ങളുടെ നോട്ടപ്പുള്ളിയാണ്. എപ്പോഴും കറുപ്പ് വസ്ത്രമാണ് ധരിക്കുന്നത്. ഫ്രഞ്ച്, യുഎഇ പൗരത്വത്തിന് പുറമെ, കരീബീയന്‍ ദ്വീപ് സമൂഹങ്ങളൊന്നിൽ പൗരത്വമുള്ള റഷ്യന്‍ വംശജനാണ് പവേൽ ദുരോവ്. 15.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിൻ്റെ ആസ്തി.
ALSO READ: ടെലിഗ്രാം മേധാവി പവൽ ദുറോവ് അറസ്റ്റിൽ
39 കാരനായ ദുരോവ്, തന്‍റെ 20 കളില്‍ ഫേസ്ബുക്കിന് സമാനമായ വികെ എന്ന സോഷ്യന്‍ നെറ്റ്‌വർക്ക് ആപ്പിന്‍റെ സ്ഥാപകനായാണ് പ്രശസ്തിയുടെ പടികയറുന്നത്. 2006 ല്‍ രൂപം കൊണ്ട ആപ്പ് അതിവേഗത്തിലാണ് ഫേസ്ബുക്കിനെ മറികടന്ന് റഷ്യയില്‍ പ്രചാരം നേടിയത്. ഇങ്ങനെയാണ് ദുരോവിന്, റഷ്യന്‍ സുക്കർബർഗ് എന്ന വിശേഷണം ചാർത്തി കിട്ടിയത്.
എന്നാല്‍, ഉപയോക്താക്കളുടെ സ്വകാര്യവിവരം നല്‍കണമെന്ന റഷ്യന്‍ സുരക്ഷാ സേനയുടെ സമ്മർദ്ദത്തിന് പിന്നാലെ ഉടമസ്ഥാവകാശ തർക്കവും ദുരോവിന് തിരിച്ചടിയായി. ഈ പോരാട്ടത്തില്‍ തോറ്റുമടങ്ങിയ ദുരോവ് 2014 ല്‍ കമ്പനിയിലെ തന്‍റെ ഭാഗം വിറ്റഴിച്ച് റഷ്യയിൽ നിന്ന് മാറി ദുബായില്‍ താമസമുറപ്പിച്ചു. അതിനിടെ 2013-ല്‍ സഹോദരന്‍ നിക്കോളായുമായി ചേർന്നാണ് ടെലഗ്രാം നിർമിക്കുന്നത്.
അതിവേഗം ആഗോള പ്രശസ്തി നേടിയ യൂസർ ഫ്രണ്ട്ലി ആപ്പാണിത്. എന്നാല്‍ ഉള്ളടക്കത്തിലും ഉപയോഗത്തിലും കയറൂരി വിട്ടെന്ന വിമർശനം ഒപ്പംകൂടി. വീഡിയോ പെറൈസി ആരോപണങ്ങള്‍ കുന്നുകൂടി. അപ്പോഴും അപൂർവമായി മാത്രമേ ടെലഗ്രാമിന്‍റെ സിഇഒ ലോകത്തെ തലകാണിച്ചുള്ളൂ. വ്യക്തിസ്വാതന്ത്രത്തിന്‍റെ വക്താവായി സെന്‍സർഷിപ്പിനെ തള്ളി കൊണ്ട് ഉപയോക്താക്കളുടെ സ്വകാര്യതയുടെ സംരക്ഷണത്തില്‍ ഊന്നി അദ്ദേഹം പ്രതികരിച്ചു.
സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ മുതൽ മയക്കുമരുന്ന് കടത്തുകാർ വരെ നീളുന്ന സംഘടിത ക്രിമിനല്‍ സംഘങ്ങള്‍ ഈ നിയന്ത്രണങ്ങളുടെ അഭാവം ചെറുതല്ലാതെ മുതലെടുത്തു. സൈബർ ബുള്ളിയിംഗിനും തീവ്രവാദ പ്രവർത്തനങ്ങള്‍ക്കും രഹസ്യസ്വഭാവം സംരക്ഷിച്ച് പ്രവർത്തിക്കാനുള്ള ഇടമായി ടെലഗ്രാം മാറിയെന്നും ആരോപണമുയർന്നു. ഫ്രാന്‍സ് ദുരോവിന് വിലങ്ങിട്ടത് ഇക്കാരണങ്ങള്‍ കാണിച്ചാണ്. എന്നാലിന്നും ഏത് മാനദണ്ഡത്തിലാണ് ദുരോവ്, ഫ്രഞ്ച് പൗരത്വം നേടിയതെന്ന് ചോദിച്ചാൽ ഫ്രാന്‍സ് വെളിപ്പെടുത്തലിന് തയ്യാറാവില്ല.
ALSO READ: AMMA ഭാരവാഹിത്വത്തില്‍ ഭിന്നത; ജഗദീഷിനെ ജന:സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ എതിര്‍പ്പ്
2018 ഓടെ, ടെലഗ്രാം നിരോധനത്തിനുള്ള ശ്രമമുപേക്ഷിച്ച റഷ്യ, പിന്നീട് സർക്കാർ പ്രചരണങ്ങള്‍ക്ക് വരെ ആപ്പ് ഉപയോഗിച്ചു എന്നതാണ് മറ്റൊരു കൗതുകം. ഇന്ന് യുക്രെയ്നിലേക്കുള്ള റഷ്യന്‍ അധിനിവേശത്തില്‍ റഷ്യയുടെ പ്രധാന പ്രചാരണായുധങ്ങളിലൊന്നാണ് ടെലഗ്രാം ചാനലുകള്‍. ഇല്യൂമിനാറ്റിയും മാട്രിക്സുമടക്കം ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ പ്രചാരണവും കലാപാഹ്വാനങ്ങളും വ്യാപകമായ ടെലഗ്രാമിനെ, മറ്റ് യൂറോപ്യൻ രാജ്യങ്ങളും നോട്ടമിട്ടുവെച്ചിട്ടുണ്ട്. അതേസമയം, ഉപയോക്താവിന്‍റെ ചെയ്തികള്‍ക്ക് ഉടമക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണെന്നാണ് അറസ്റ്റില്‍ ടെലഗ്രാമിന്‍റെ ഔദ്യോഗിക നിലപാട്.