ചോറ്റാനിക്കര ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി
ചോറ്റാനിക്കര ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തിൽ പ്രതി അനൂപിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോറ്റാനിക്കര ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം കുറ്റകരമായ നരഹത്യ ചുമത്തി റിപ്പോർട്ട് നൽകാനാണ് തീരുമാനം.
അതേസമയം, പ്രതിക്ക് പെൺകുട്ടിയെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനാലാണ് പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയിരിക്കുന്നത്. കഴുത്തിലിട്ട കുരുക്ക് കാരണമാണ് മസ്തിഷ്‌ക മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോള്‍ ഷാള്‍ കത്തി ഉപയോഗിച്ച് മുറിച്ചത് കൊല്ലാൻ ഉദ്ദേശമില്ലാത്തതിനാലാണെന്നും പൊലീസ് വിശദീകരിച്ചിരുന്നു.
ALSO READ: VIDEO| 'കാട്ടാനകളേയും പുലിയേയും പേടിച്ചാണ് ജീവിക്കുന്നത്'; അറംപറ്റി സോഫിയയുടെ വാക്കുകള്‍
മരണം സംഭവിക്കും എന്ന് അറിഞ്ഞിട്ടും വായും മൂക്കും പൊത്തിപ്പിടിച്ചതിനാലും, വൈദ്യസഹായം നല്‍കാന്‍ സാധിക്കുമായിരുന്നിട്ടും ചെയ്യാഞ്ഞതിനാലുമാണ് പ്രതിക്കെതിരെ നരഹത്യക്ക് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിവുകൾ ഉണ്ടെന്നും ചോറ്റാനിക്കര സിഐ എൻ.കെ. മനോജ് പറഞ്ഞിരുന്നു.
ആറ് ദിവസം അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ പെൺകുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. ആൺ സുഹൃത്തുക്കളുമായുള്ള സൗഹൃദം ചോദ്യം ചെയ്ത് പ്രതി അനൂപ് ചുറ്റിക കൊണ്ടടക്കം മർദിച്ചതിൽ മനംനൊന്താണ് പെൺകുട്ടി ഷാൾ കഴുത്തിൽ കുരുക്കി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതോടെ ഇയാൾ ഷാൾ അറുത്ത് പെൺകുട്ടിയെ നിലത്തിടുകയായിരുന്നു.
പെൺകുട്ടി ഒച്ചവയ്ക്കാൻ ശ്രമിച്ചതോടേ വായയും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചു. ഇതോടെ പെൺകുട്ടിയുടെ ബോധം നഷ്ടമായി. മരിച്ചെന്ന് കരുതി പുലർച്ചയോടെ ഇയാള്‍ കൂട്ടുകാർക്കൊപ്പം ബൈക്കിൽ കടന്നുകളഞ്ഞു. പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും വാങ്ങിയിട്ടുണ്ടെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ താൻ ലഹരിക്ക് അടിമയാക്കിയെന്നും പ്രതി അനൂപ് അന്വേഷണ സംഘത്തിന് മുമ്പാകെ സമ്മതിച്ചിരുന്നു. അനൂപ് മുൻപ് ലഹരിക്കേസടക്കം മൂന്ന് കേസുകളിൽ പ്രതിയാണ്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് തലയോലപ്പറമ്പ് സ്വദേശി അനൂപുമായി പെൺകുട്ടി സൗഹൃദത്തിലാവുന്നത്. മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.