പരാതിയിൽ ഡോക്ടർമാർ ഉൾപ്പെടെ ആറു പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു
കണ്ണൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് പരാതി. ക്ലാസുകളിൽ പങ്കെടുത്താൽ പലവിധ നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. കണ്ണൂർ സ്വദേശിയുടെ പരാതിയിൽ ഡോക്ടർമാർ ഉൾപ്പെടെ ആറു പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ALSO READ: വന്യജീവി ആക്രമണത്തിൽ പ്രതിഷേധം; വയനാട്ടിൽ ഇന്ന് ഹർത്താൽ
ശാസ്ത്രീയമായ ക്ലാസുകളിലൂടെ ഭൗതികമായ ഉയർച്ച ഉണ്ടാക്കാം എന്ന് പരസ്യം നൽകി ആളുകളെ ആകർഷിച്ചെന്നും എന്നാൽ പിന്നീട് ആത്മീയമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്ലാസുകളാണ് നൽകിയത് എന്നുമാണ് പരാതി. കണ്ണൂർ സ്വദേശി പ്രശാന്ത് മാറോളി നൽകിയ പരാതിയിൽ ഡോക്ടർമാരായ അഷറഫ്, അഭിന്ദ് കാഞ്ഞങ്ങാട് എന്നിവർക്കും കെ. എസ്. പണിക്കർ, അനിരുദ്ധൻ, വിനോദ്‌കുമാർ, സനൽ എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിൻ്റെ പേരിലായിരുന്നു ക്ലാസുകൾ. ഡോ. അഷറഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം ക്ലാസുകൾ നടത്തി. 15000 രൂപയാണ് ഒരു ദിവസത്തെ ക്ലാസിൽ പങ്കെടുക്കാൻ ഫീസായി നൽകിയത് എന്ന് പരാതിക്കാർ പറയുന്നു.
ALSO READ: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; വീണ്ടും സത്യാഗ്രഹ സമരവുമായി ഹർഷിന
ആദ്യ ഘട്ടം ക്ലാസിൽ പങ്കെടുത്തപ്പോൾ പരസ്യത്തിൽ പറയുന്ന കാര്യങ്ങളല്ല ക്ലാസിന്റെ ഉള്ളടക്കം എന്ന് മനസിലാക്കി പണം തിരികെ ചോദിക്കുകയായിരുന്നു എന്ന് പരാതിക്കാരിൽ ഒരാളായ ഹിമോജ് പറഞ്ഞു. കണ്ണൂർ ജില്ലയിൽ തന്നെ വിവിധ ആളുകളിൽ നിന്നായി 12 കോടി 75,000 രൂപയോളം തട്ടി എടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. കണ്ണൂരിലെ വിവിധ ഹോട്ടലുകളിൽ ആയാണ് ക്ലാസുകൾ നടത്തിയിരുന്നത്. സംഭവത്തിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.