രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്
കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവ് മാനു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് ഹർത്താൽ. ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.
അതേ സമയം, ബസ് സർവീസ് നിർത്തിവെച്ച് കൊണ്ട് ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെങ്കിലും, ബസ് നിർത്തിവെച്ച് കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രൻജിത്ത് രാം മുരളീധരൻ വ്യക്തമാക്കി.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വനം വകുപ്പിന്റെ ഉന്നതതല യോഗം സംഘടിപ്പിക്കും. വന്യജീവി ആക്രമണം തടയാൻ വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കാൻ നിർദേശം നൽകാനാണ് സാധ്യത. തദ്ദേശീയരായ യുവാക്കളെ ചേർത്ത് പ്രൈമറി റെസ്പോൺസ് ടീം ശക്തിപ്പെടുത്താനും നീക്കമുണ്ട്.
ഭാര്യയ്‌ക്കൊപ്പം കടയില്‍ നിന്ന് മടങ്ങി വരവെ നൂൽപ്പുഴ കാപ്പാട് ഉന്നതിയിൽ വെച്ചാണ് കഴിഞ്ഞ ദിവസം മാനുവിനെ കാട്ടാന ആക്രമിച്ചത്. കാട്ടാന ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസിനെ തടയുകയും കളക്ടർ വരും വരെ പ്രതിഷേധം തുടരുകയും ചെയ്തിരുന്നു. കുടുംബത്തിന് താൽക്കാലികമായി 10 ലക്ഷം രൂപ ധനസഹായം നൽകാമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
ALSO READ: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; വീണ്ടും സത്യാഗ്രഹ സമരവുമായി ഹർഷിന
കാപ്പാട് ഊരില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി തമിഴ്‌നാട് ജില്ലയിലെ വെള്ളരി കോളനി നിവാസിയാണ് മാനു. ഭാര്യ ചന്ദ്രികയുമായി ഒന്നിച്ച് കടയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് കാട്ടാന ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ മാനുവിനൊപ്പമുണ്ടായിരുന്ന ഭാര്യയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ ഉന്നതിക്ക് സമീപത്തെ മറ്റൊരിടത്ത് ഭയന്നുവിറച്ച നിലയിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്.