തീപിടിത്തത്തില്‍ പൊലീസ് വിശദമായി അന്വേഷിക്കും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കും.
കൊല്ലം കുളത്തൂപ്പുഴയിലെ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ വനത്തോട് ചേര്‍ന്നുള്ള എണ്ണപ്പന പ്ലാന്റേഷനിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹത. എണ്ണപ്പന എസ്റ്റേറ്റില്‍ വീണ്ടും പുക ഉയരുന്നത് കണ്ടതോടെയാണ് ബോധപൂര്‍വ്വം തീ ഇട്ടതാണോ എന്ന സംശയവും ഉയരുന്നത്.
തീപിടിത്തത്തില്‍ പൊലീസ് വിശദമായി അന്വേഷിക്കും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കും. പുറമെ അഗ്നിശമന സേനയും വനംവകുപ്പും അന്വേഷണം നടത്തും.
കുളത്തൂപ്പുഴ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ എണ്ണപ്പന തോട്ടത്തിലെ 75 ഏക്കറില്‍ അധികം പ്രദേശത്ത് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ പ്രദേശത്ത് 18000 എണ്ണപ്പനകള്‍ ഉണ്ട്. ഇതില്‍ പൂര്‍ണമായും കത്തി നശിച്ചവയുടെ കണക്കെടുപ്പ് ഇന്ന് നടക്കും.
ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. വേനല്‍ക്കാറ്റില്‍ എണ്ണപ്പനകള്‍ക്ക് കീഴിലെ പുല്ലുകള്‍ ആളിക്കത്തിയത് തീ പടര്‍ന്നു പിടിക്കുന്നതിന് ആക്കം കൂട്ടി. കടക്കല്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രണ്ട് വര്‍ഷം മുമ്പ് 1500 ഓളം പുതിയ എണ്ണപ്പന തൈകള്‍ നട്ട പ്രദേശത്താണ് തീപിടിത്തമുണ്ടായത്. അടിക്കാട് വെട്ടിത്തളിക്കാഞ്ഞതിന് പുറമേ ഇവിടെ നിന്ന പഴയ എണ്ണപ്പനകള്‍ മുറിച്ചു മാറ്റിയിരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.