പ്രാഥമിക വിവരശേഖരണത്തിന് ശേഷം ഇന്ന് ഹാജരാക്കാനായി പൊലീസ് നോട്ടീസ് നൽകിയിരുന്നു
ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. പ്രാഥമിക വിവര ശേഖരണത്തിന് ശേഷം ഇന്ന് ഹാജരാകാനായി പൊലീസ് നോട്ടീസ് നൽകിയിരുന്നു. വാട്സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള രേഖകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയേക്കും.
സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദീഖിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ ഹാജരാകാത്തതിനെ തുടർന്ന് ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. പിന്നാലെ രേഖകളുമായി ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് ഇ-മെയിൽ മുഖേന സിദ്ദീഖ് അറിയിച്ചതിനു പിന്നാലെയാണ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദീഖിന്‍റെ കേസ് വീണ്ടും പരിഗണിക്കുന്നത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച സിദ്ദീഖിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയിൽ ഹാജരാക്കി ഉപാധികളോടെ വിട്ടയക്കണമെന്നാണ് സുപ്രീം കോടതി നർദേശം. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ചതോടെ സിദ്ദീഖ് ഒളിവ് ജീവിതം അവസാനിപ്പിച്ച് അഭിഭാഷകൻ ബി. രാമൻ പിള്ളയെ കാണാൻ കൊച്ചിയിലെത്തിയിരുന്നു. തുടർന്നാണ് താൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനാണെന്ന് ചൂണ്ടികാട്ടി അന്വേഷണ സംഘത്തിന് കത്ത് നൽകിയത്.