കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായും സംവിധായികയായും എത്തുന്ന ചിതം കൂടിയാണ് എമർജൻസി
ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന 'എമർജൻസി' സിനിമയുടെ റിലീസ് വൈകിയതിൽ പ്രതികരണവുമായി നടിയും എംപിയുമായ കങ്കണ റണാവത്ത്. പദ്മാവത്, ഉഡ്താ പഞ്ചാബ് തുടങ്ങിയ സിനിമകളുടെ റിലീസ് തടഞ്ഞ സമയത്ത് സർക്കാർ ഇടപെട്ട് ചിത്രം റിലീസ് ചെയ്തിട്ടുണ്ടെന്നും എന്നാൽ തന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും താരം പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ വെളിപ്പെടുത്തൽ.
കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായും സംവിധായികയായും എത്തുന്ന ചിത്രം കൂടിയാണ് എമർജൻസി. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക കാലഘട്ടത്തിൻ്റെ കഥ പറയുന്ന ചിത്രത്തിൽ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് ചിത്രത്തിൻ്റെ റിലീസ് തീയതി വൈകിയത്.
ALSO READ: കങ്കണയ്ക്ക് തിരിച്ചടി; എമര്‍ജന്‍സിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാതെ ബോംബെ ഹൈക്കോടതി
തന്നെ പിന്തുണയ്ക്കാൻ സർക്കാരോ പ്രതിപക്ഷമോ ആരുമുണ്ടായില്ല. കോൺഗ്രസിലുള്ളവർ പോലും തിരിഞ്ഞു നോക്കിയില്ല. സിനിമാ ലോകം പോലും ഇടപെട്ടില്ലെന്നും കങ്കണ പറയുന്നു. ഇത് തൻ്റെ മാത്രം പ്രശ്നമാണെന്നും തനിക്ക് താൻ മാത്രമേയുളളുവെന്ന് തോന്നിപ്പോയതായും താരം വ്യക്തമാക്കി. സിനിമയുടെ റിലീസ് വൈകുന്നത് സിനിമാ ലോകത്തുള്ളവർ തന്നെ ആഘോഷിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഏകാന്തമായ കോണിലാണ് താനെന്ന് തോന്നുകയാണെന്നും കങ്കണ പറഞ്ഞു.
ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബർ 6 നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സിഖ് സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു, ചരിത്രം വളച്ചൊടിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് വിവിധ സംഘടനകൾ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ചിത്രത്തിൻ്റെ റിലീസ് തീയതി മാറ്റിവെച്ചു. ചില രംഗങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ചും, വസ്തുതാ പരിശോധനകൾക്കും ശേഷം കഴിഞ്ഞയാഴ്ചയാണ് സെൻസർ ബോർഡ് സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് നൽകിയത്.