കൊല്ലാൻ ഉപയോഗിച്ച കോടാലിയിൽ പതിഞ്ഞ വിരലടയാളം അമിത്തിൻ്റേത് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് എന്ന് ഉറപ്പിച്ച് പൊലീസ്. അമിത് മോഷണ കേസിൽ അറസ്റ്റിൽ ആയപ്പോൾ ശേഖരിച്ച വിരൽ അടയാളവും കോടലിയിലെ വിരളടയാളവും ഒന്നാണ്. വീടിന്റെ കതകിലും വീടിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട് വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. കൊല്ലാൻ ഉപയോഗിച്ച കോടാലിയിൽ പതിഞ്ഞ വിരലടയാളം അമിത്തിൻ്റേത് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.
ഏപ്രിൽ 22നാണ് തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറിനേയും ഭാര്യ മീരയേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഇത്. കൊലപാതകം നടത്താൻ പ്രതി അമിത് ദിവസങ്ങൾ ആസൂത്രണം നടത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ നഗരത്തിലെ ഒരു ലോഡ്ജിലാണ് അമിത് താമസിച്ചത്. ഇതിനിടയിൽ പല തവണ വിജയകുമാറിൻ്റെ വീടിൻ്റെ പരിസരത്ത് എത്തി കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയോടെ ലോഡ്ജിൽ നിന്ന് മുറി വെക്കേറ്റ് ചെയ്തു. പിന്നീട് വൈകിട്ടോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി.
രാത്രിയോടെയാണ് പ്രതി കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയിൽവേ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്നാണ് വാതിൽ തുറന്നത്.
വിവിധ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തും. പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പരുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുണ്ട്.
പ്രതിയുടെ നാട്ടിലും പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
വിജയകുമാർ - മീര ദമ്പതികളുടെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തലക്ക് ക്ഷതമേറ്റതിനെ തുടർന്ന് രക്തസ്രാവമുണ്ടായി. പരിക്കേൽപ്പിച്ചത് മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ്. വിജയകുമാറിൻ്റെ നെഞ്ചിലും ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.