കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പു തന്നെ കൊലപാതക രീതികളെ കുറിച്ച് പല്ലവി ഗൂഗിളിൽ സേർച്ച് ചെയ്തു
കർണാടക മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകത്തിൽ ഭാര്യ പല്ലവിക്കെതിരെ ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി പൊലീസ്. ഇൻ്റർനെറ്റിൽ കൊലപാതകരീതികൾ അന്വേഷിച്ചതായി കണ്ടെത്തൽ. കഴുത്തിന് മുറിവേറ്റാൽ എങ്ങനെ മരിക്കുമെന്നതുൾപ്പെടെ സേർച്ച് ഹിസ്റ്ററിയിലുള്ളതായി പൊലീസ് പറയുന്നു.
ALSO READ: പെഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും
കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. കൃത്യം നടത്തുന്നതിന് മുമ്പ് പല്ലവി നടത്തിയ ഗൂഗിൾ സെർച്ചിന്റെ വിവരങ്ങളാണ് പ്രധാനം. കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പു തന്നെ കൊലപാതക രീതികളെ കുറിച്ച് പല്ലവി ഗൂഗിളിൽ സേർച്ച് ചെയ്തു. കൊലപാതകം എങ്ങനെ നടത്തണമെന്നും കഴുത്തിന് മുറിവേറ്റാൽ എത്ര സമയത്തിൽ മരിക്കുമെന്നതടക്കമുള്ള വിവരങ്ങളാണ് പല്ലവി ഇൻ്റനെറ്റിൽ പരിശോധിച്ചത്. കൂടാതെ കഴുത്തിലെ രക്തകുഴലും ഞരമ്പുകളും മുറിഞ്ഞാൽ എങ്ങനെ മരണം സംഭവിക്കുമെന്നും പല്ലവി അന്വേഷിച്ചിരുന്നു.
ഞായറാഴ്ചയാണ് കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ പത്തോളം മുറിവുകളുണ്ടായിരുന്നു. ഓം പ്രകാശിൻ്റെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം ഭാര്യ പല്ലവി കറിക്കത്തി കൊണ്ട് പല തവണ കുത്തുകയായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആത്മരക്ഷാർത്ഥമാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യ പല്ലവി പറയുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് പല്ലവിയും മകൾ കൃതിയും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഓംപ്രകാശിനെതിരെ പല്ലവി പൊലീസ് ഓഫീസേഴ്സ് വൈവ്സ് അസോസിയേഷന്റെ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഓം പ്രകാശ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നുവെന്നും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും പല്ലവി ആരോപിച്ചിരുന്നു. എന്നാൽ പല്ലവി സ്കീസോഫ്രീനിയ എന്ന മാനസിക ബുദ്ധിമുട്ടിന് മരുന്ന് കഴിക്കുന്നുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.