രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും വ്യാപാര സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്തു
ജമ്മു കശ്മീരിലെ പെഹല്‍ഗാമിലെ തീവ്രവാദ ആക്രമണതെത തുടർന്ന് കശ്മീരിൽ നാളെ ബന്ദ്. രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും വ്യാപാര സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്തു.
ഇന്ന് വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 20ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ മരണം 28 ആയതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പുറത്തെത്തിക്കാൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്റർ സേവനം വിന്യസിച്ചിട്ടുണ്ട്. താഴ്വരയിൽ നിന്ന് കുതിരകളെ ഉപയോഗിച്ചും രക്ഷപ്പെടുത്തുന്നുണ്ട്. മിലിറ്ററി, സിപിആർഎഫ് തുടങ്ങിയവരും രക്ഷാദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ട്.
ALSO READ: പെഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും
പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് വെടിവെപ്പുണ്ടായത്. നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന പ്രദേശമാണ് ബൈസാരന്‍ താഴ്‌വര. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമാണ് എന്നുമാണ് കരുതപ്പെടുന്നത്. 2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. മകളുടെ മുന്നില്‍ വെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.
രാമചന്ദ്രൻ കുടുംബ സമേതമാണ് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീരിലേക്ക് എത്തിയത്. ഭാര്യയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ പുറത്തിറങ്ങിയിരുന്നില്ല. രാമചന്ദ്രന്‍ തന്റെ മകള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പമാണ് ബൈസാരന്‍ താഴ്‌വാരത്തിലേക്ക് പോയത്. അവിടെ വെച്ച് തീവ്രവാദ ആക്രമണം ഉണ്ടായതിന് പിന്നാലെ കുട്ടികള്‍ ചിതറിയോടുകയായിരുന്നു. ഇവർ സുരക്ഷിതരായി സൈനിക ക്യാംപിലുണ്ടെന്നാണ് ലഭ്യമായ വിവരം.