നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രി കെ. രാജന് സമർപ്പിക്കും
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആയിരിക്കും സംഘത്തിന് നേതൃത്വം നൽകുക. സംഘത്തിൽ ആറ് അംഗങ്ങളാണുള്ളത്. പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂർ റേഞ്ച് ഡിഐജി രാജ്‌പാൽ മീണയുടെ നേതൃത്വത്തിൽ നിർണായക യോഗം ചേർന്നു.
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് റവന്യൂമന്ത്രി കെ. രാജന് സമർപ്പിക്കും. കൈക്കൂലി അടക്കം നവീൻ ബാബുവിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്ന റിപ്പോർട്ടാണ് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറായ എ. ഗീത ഐഎഎസ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയിരിക്കുന്നത്. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ നല്‍കിയ റിപ്പോർട്ട് റവന്യൂ മന്ത്രി പരിശോധിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിക്ക് കൈമാറുക.
Also Read: എഡിഎമ്മിൻ്റെ മരണം: അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രിയുടെ മുന്നിൽ, ടി.വി. പ്രശാന്തന് കുരുക്കുമുറുക്കി ആരോഗ്യ വകുപ്പ്
അതേസമയം, നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പി.പി. ദിവ്യക്കെതിരെ പൊലീസ് അന്വേഷണം കടുപ്പിച്ചിട്ടുണ്ട്. വിവാദ പെട്രോൾ പമ്പിലെ ബിനാമി ഇടപാട് ആരോപണത്തിലാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. പരാതിക്കാരനായ ടി.വി. പ്രശാന്തിൻ്റെ ഭാര്യാ സഹോദരൻ്റെ മൊഴി പൊലീസ് ശേഖരിച്ചു. ഇതിനുപിന്നാലെ ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട് പ്രശാന്തിന് കുരുക്കായിരിക്കുകയാണ്.
പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട്. സർക്കാർ ശമ്പളം കൈപ്പറ്റുമ്പോൾ പെട്രോൾ പമ്പിന് അനുമതി തേടിയത് ചട്ടലംഘനമാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജന്‍. എന്‍. ഖോബ്രഗഡേയുടെ റിപ്പോർട്ടിലാണ് പ്രശാന്തിൻ്റേത് ചട്ടലംഘനമാണെന്ന കണ്ടെത്തലുള്ളത്. പ്രശാന്തിനെതിരെ നടപടി വേണമെന്ന ശുപാർശ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
ഒക്ടോബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ബാബു ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
യാത്രയയപ്പ് ചടങ്ങിനെത്തുന്നതു വരെ നവീൻ ബാബുവിന് ഔദ്യോഗികമായോ, വ്യക്തിപരമായോ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആത്മഹത്യാ പ്രേരണയ്ക്ക് വഴിവെച്ചത് ദിവ്യയുടെ പ്രസംഗമാണെന്നും, ആത്മഹത്യാ പ്രേരണാകുറ്റം ദിവ്യയുടെ പേരിൽ നിലനിൽക്കുമെന്നുമാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഇതേ തുടർന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തതിന്‍റെ അടിസ്ഥാനത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യയെ നീക്കി. സെക്രട്ടേറിയറ്റിന്‍റെ തീരുമാനം അംഗീകരിച്ച ദിവ്യ രാജി സമർപ്പിച്ചു. അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റി സ്വീകരിച്ചത്.
എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചല്ല യോഗത്തിൽ സംസാരിച്ചതെന്നും തന്‍റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നു എന്നും കാട്ടി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഫയലുകള്‍ വൈകിപ്പിച്ചെന്ന ആരോപണം നവീനെതിരെ നേരത്തെയും ഉണ്ടായിരുന്നതായും അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറഞ്ഞു. നവീൻ ബാബുവിനെതിരെ സംസാരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് താൻ തന്നെയാണെന്നും ദിവ്യ കോടതിയില്‍ സമ്മതിച്ചു. ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഓക്ടോബർ 29ന് വിധി പറയും.
അതേസമയം, നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് ഇല്ലെന്നാണ് റവന്യു വകുപ്പിന്‍റെ കണ്ടെത്തൽ. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് എഡിഎം സ്വീകരിച്ചത് സ്വാഭാവിക നടപടിക്രമമാണ്. ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയതും സ്വാഭാവിക നടപടിയാണെന്നും ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.