യുക്രെയ്ന്‍ സൈനികര്‍ ആയുധംവെച്ച് കീഴടങ്ങണമെന്നാണ് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പുടിന്‍ പറയുന്നത്
റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. കുര്‍സ്ക് മേഖലയിലുള്ള യുക്രെയ്ന്‍ സൈനികര്‍ കീഴടങ്ങിയാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കാമെന്നാണ് പുടിന്റെ മറുപടി. യുക്രെയ്ന്‍ സൈനികര്‍ ആയുധംവെച്ച് കീഴടങ്ങണമെന്നാണ് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പുടിന്‍ പറയുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലായിരുന്നു ട്രംപിന്റെ അഭ്യര്‍ഥന. ട്രംപിൻ്റെ നയതന്ത്ര പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. അതിനാണ് പുടിന്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
യുക്രെയ്ന്‍ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത മേഖലയാണ് കുര്‍സ്ക്. കഴിഞ്ഞ ഓഗസ്റ്റിലാണ് യുക്രെയ്ന്‍ സൈന്യം റഷ്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി അതിര്‍ത്തി പ്രദേശമായ കുര്‍സ്ക് കൈയ്യടക്കിയത്. സുദ്സ ഉള്‍പ്പെടെ ആയിരത്തോളം ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് യുക്രെയ്ന്‍ സൈന്യം നിയന്ത്രണത്തിലാക്കിയത്. പ്രദേശത്തുണ്ടായിരുന്ന റഷ്യന്‍ സൈനികരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകളില്‍ സ്വാധീനം ചെലുത്തുന്നതിനായിരുന്നു യുക്രെയ്ന്റെ ഇത്തരമൊരു നീക്കം. പിന്നീട് ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളിലൂടെ റഷ്യ ചെറിയഭാഗം തിരിച്ചുപിടിച്ചിരുന്നു. യുക്രെയ്നില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎസ്, യുക്രെയ്ന്‍ പ്രതിനിധികള്‍ കഴിഞ്ഞദിവസം ധാരണയായതിനു പിന്നാലെ, കുര്‍സ്കില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരുന്നു. യുക്രെയ്ന്‍ സൈന്യത്തെ തുരത്താനുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും സുദ്സ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, സുദ്സ മേഖലയില്‍ പോരാട്ടം തുടരുന്നതായി സ്ഥിരീകരിച്ച യുക്രെയ്ന്‍ സേന റഷ്യന്‍ സേനയുടെ അവകാശവാദത്തോട് പ്രതികരിച്ചിരുന്നില്ല.
'റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കഴിഞ്ഞദിവസം വളരെ മികച്ചതും ഫലപ്രദവുമായ ചര്‍ച്ച നടത്തി. ഒടുവില്‍, ഈ ഭയാനകവും രക്തരൂക്ഷിതവുമായ യുദ്ധം അവസാനിക്കാനുള്ള വലിയ സാധ്യതയുണ്ട്. എന്നാല്‍, ആയിരക്കണക്കിന് യുക്രെയ്ന്‍ സൈനികരെ റഷ്യന്‍ സൈന്യം വളഞ്ഞിട്ടുണ്ട്. അവര്‍ വളരെ മോശം സാഹചര്യത്തിലാണ്. അവരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് പ്രസിഡന്റ് പുടിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത് രണ്ടാം ലോകമഹായുദ്ധത്തില്‍ പോലും കണ്ടിട്ടില്ലാത്ത ഭയാനകമായ കൂട്ടക്കുരുതിയായേക്കും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ' -എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ ഉദ്യോഗസ്ഥരുമായി മോസ്കോയില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ കുറിപ്പ്. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിറ്റ്കോഫ് റഷ്യയിലെത്തിയത്. യുഎസ്, യുക്രെയ്ന്‍ പ്രതിനിധികള്‍ സൗദി അറേബ്യയില്‍ നടത്തിയ ചര്‍ച്ചയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. കരാറില്‍ റഷ്യ കൂടി ഒപ്പുവയ്ക്കേണ്ടതുണ്ട്.