2025 ജനുവരി 22 നാണ് ഔദ്യോഗിക ബിൽ പ്രാബല്യത്തിൽ വരിക
സ്വവർഗ വിവാഹത്തിന് അനുമതി നൽകുന്ന നിയമം തായ്‌ലൻഡ് പാസാക്കി. തെക്കുകിഴക്ക് ഏഷ്യയിൽ സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി ഇതോടെ തായ്‌ലൻഡ് മാറി. തായ്‌വാനും നേപ്പാളിനും ശേഷം സ്വവർഗ വിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമെന്ന നേട്ടവും ഇനി തായ്‌ലൻഡിന് സ്വന്തം. 2025 ജനുവരി 22 നാണ് ഔദ്യോഗിക ബിൽ പ്രാബല്യത്തിൽ വരിക.
ജൂൺ 18 ന്പാർലമെൻ്റ് പാസാക്കിയ വിവാഹ സമത്വ ബില്ലിനാണ് തായ്‌ലൻഡ് രാജാവ് വജിറലോങ്‌കോൺ ഔദ്യോഗികമായി അംഗീകാരം നൽകിയത്. ശേഷം ഈ നിയമം റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഔദ്യോഗിക ബിൽ പ്രാബല്യത്തിൽ വരുന്നത് 2025 ജനുവരി 22 നാണ്. നിയമപ്രകാരം വിവാഹിതരായ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാം. ഭർത്താവ്, ഭാര്യ, സ്ത്രീ, പുരുഷൻ എന്നീ പദങ്ങൾക്ക് പകരം ലിംഗ നിഷ്പക്ഷ പദങ്ങളാണ് പുതിയ നിയമപ്രകാരം ഉപയോഗിക്കേണ്ടത്.
ALSO READ: ലവ് ഈസ് ലവ്; ലോകത്തെ ആറ് എൽജിബിടിക്യു+ സൗഹൃദ രാജ്യങ്ങളെ പരിചയപ്പെടാം
2019-ൽ, സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യത്തെ പാർലമെൻ്റായി തായ്‌വാൻ മാറിയിരുന്നു. നേപ്പാൾ ആദ്യ സ്വവർഗ യൂണിയൻ രജിസ്റ്റർ ചെയ്തത് കഴിഞ്ഞ വർഷം നവംബറിലാണ്. അതേസമയം ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ തായ്ലൻഡ് എൽജിബിടി സൗഹൃദ സംസ്കാരം പരിപാലിക്കുന്ന നാടുമാണ്.