'AI ഗോഡ്: പോട്രെയിറ്റ് ഓഫ് അലൻ ട്യൂറിങ്ങ്' എന്നാണ് 18 ലക്ഷം ഡോളറിന് വിറ്റുപോയ ഛായാചിത്രത്തിന്‍റെ പേര്
എഐ മനുഷ്യനെ കീഴടക്കുമോ എന്ന ചോദ്യവും വാദപ്രതിവാദങ്ങളും തുടരുകയാണ്. മനുഷ്യൻ്റെ ക്രിയാത്മകതയും ചിന്താശേഷിയും എഐ കൈയ്യടക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. അതിനിടയിലാണ് പുതിയൊരു വാർത്ത എത്തുന്നത്. കഴിഞ്ഞ ദിവസം, ന്യൂയോർക്കില്‍ ഒരു ലേലത്തില്‍ ഐഡ എന്ന എഐ റോബോട്ടിന്‍റെ പെയിന്‍റിങ് റെക്കോർഡ് തുകയ്ക്കാണ് വിറ്റഴിഞ്ഞത്. അതായത് എഐ വേറെ ലെവലാണ്.
'AI ഗോഡ്: പോട്രെയിറ്റ് ഓഫ് അലൻ ട്യൂറിങ്' എന്നാണ് 18 ലക്ഷം ഡോളറിന് വിറ്റുപോയ ഛായാചിത്രത്തിന്‍റെ പേര്. ആദ്യകാല കമ്പ്യൂട്ടറുകളുടെ വികാസത്തില്‍ അടിത്തറ പാകുകയും, രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി ജർമ്മൻ രഹസ്യകോഡുകള്‍ പൊളിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്ത ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും കോഡിങ് വിദഗ്ദനുമായ അലൻ ട്യൂറിങ്ങാണ് ഛായാ ചിത്രത്തിലുള്ളത്. എഐയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ട്യൂറിങ് 1950കളില്‍ എഐയുടെ വളർച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചയാളാണ് എന്നത് മറ്റൊരു കൗതുകം. ലേലത്തുകയുടെ പത്തിരട്ടി നല്‍കി അജ്ഞാതനായ വ്യക്തി പെയിന്‍റിങ് സ്വന്തമാക്കുന്നതുവരെ 27 പേർ ലേലത്തില്‍ പങ്കാളികളായി.
ALSO READ: മോസ്കോയിൽ യുക്രെയ്ന്‍ ഡ്രോൺ ആക്രമണം; റഷ്യയിലേക്കെത്തിയത് 32ഓളം ഡ്രോണുകൾ
2019ല്‍ ബ്രിട്ടീഷ് ചിത്രകലാ വിദഗ്ദന്‍ എയ്ഡൻ മെല്ലറാണ് ഐഡ എന്ന ഈ എഐ ചിത്രത്തിന് ജന്മം കൊടുക്കുന്നത്. ലോകത്തിലെ ഏറ്റവും നൂതനമായ റോബോട്ടുകളിൽ ഒന്നായ ഐഡയെ നിർമ്മിച്ചത്, ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായി കണക്കാക്കപ്പെടുന്ന അഡാ ലവ്ലേസിന്‍റെ ഛായയിലും. കണ്ണുകളിലുള്ള ക്യാമറകളുപയോഗിച്ച് ഫോട്ടോകള്‍ സ്കാന്‍ ചെയ്ത് വികസിപ്പിച്ചാണ് ഐഡ ഛായാചിത്രങ്ങള്‍ തയ്യാറാക്കിയത്. ട്യൂറിങിന്‍റെ 15 മുഖഭാഗങ്ങള്‍ ഇത്തരത്തില്‍ ഐഡ വരച്ചു. ആറ് മുതൽ എട്ട് മണിക്കൂർ വരെയെടുത്താണ് ഓരോ ചിത്രങ്ങളും പൂർത്തിയാക്കിയത്. അതില്‍ നിന്ന് മൂന്ന് എണ്ണം തെരഞ്ഞെടുത്താണ് പ്രദർശനത്തിനെത്തിച്ചത്.
ഐഡയുടെ കെെകള്‍ക്ക് ചെറിയ കാന്‍വാസില്‍ മാത്രമേ വരയ്ക്കാനാകൂ എന്നതിനാല്‍ വലിയ കാന്‍വാസിലേക്ക് സ്കാന്‍ ചെയ്ത് 3D പ്രിൻ്റു ചെയ്ത പതിപ്പാണ് ലേലത്തിന് വെച്ചത്. അല്‍ഗോരിതങ്ങള്‍ നിയന്ത്രിക്കുന്ന ഒരു പോസ്റ്റ് ഹ്യൂമന്‍ യുഗത്തിലേക്കുള്ള യാത്രയിലാണ് ലോകം, ഈ മുന്നേറ്റത്തെ ഭയത്തോടെ കാണുന്നതിന് പകരം, ഭാവിയിലുണ്ടാക്കാവുന്ന നേട്ടങ്ങളെയാണ് ഐഡ കാണിച്ചുതരുന്നതെന്ന് എയ്ഡൻ മെല്ലർ പറയുന്നു. കാഴ്ചയെ പകർത്തുന്ന കലയെ ക്യാമറയുടെ കണ്ടുപിടുത്തമെങ്ങനെയാണോ മാറ്റി മറിച്ചത്, അതിനുസമാനമായോ അതിലും മെച്ചപ്പെട്ടതോ ആയ മാറ്റമായാണ് ഇതിനെയും കാണേണ്ടതെന്ന് അദ്ദേഹം വാദിക്കുന്നു.
ALSO READ: ജബാലിയ അഭയാർഥി ക്യാംപിനു നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം; 13 കുട്ടികളടക്കം 33 പേർ കൊല്ലപ്പെട്ടു
എന്നാല്‍ ഐഡയുടെ പെയിന്‍റിങ്ങിനെ കലാസൃഷ്ടിയായി തന്നെ പരിഗണിക്കാനാകില്ലെന്ന പക്ഷക്കാരുമുണ്ട്. അടുത്തിടെ പാബ്ലോ പിക്കാസോയെപ്പോലെ വരയ്ക്കുന്ന കന്നുകാലികള്‍ എന്നു പറഞ്ഞുവന്ന കൗതുക വാർത്തയുടെ മെച്ചപ്പെട്ട പതിപ്പായി മാത്രമേ, ഇതിനെ കാണാനാകൂ എന്നാണ് ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫിലെ മുഖ്യ കലാവിമർശകനായ അലസ്റ്റർ സൂക്കിന്‍റെ പ്രതികരണം. ഭാവനയില്‍ നിന്ന് വരയ്ക്കാനുള്ള കഴിവ് ഇല്ലെന്നും, മനുഷ്യരില്‍ നിന്ന് അത്തരം വ്യത്യാസങ്ങള്‍ തനിക്കുണ്ടെന്നുമുള്ള, ഐഡയുടെ 2022 ലെ ഗാർഡിയന്‍ അഭിമുഖം ഇതോടൊപ്പം പങ്കുവെച്ചു കൊണ്ടാണ്, ഈ സാങ്കേതിക നേട്ടത്തെ പലരും നോക്കിക്കാണുന്നത്.