സർദാർ വല്ലഭായി പട്ടേൽ ദേശീയ മ്യൂസിയത്തിലെ വേദിയിലാണ് എഐസിസി സമ്മേളനം നടക്കുന്നത്. പാർട്ടിയെ അടിത്തറയിൽ ശക്തിപ്പെടുത്തുക എന്നതാണ് സമ്മേളനത്തിൻ്റെ മുഖ്യ അജണ്ട.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരൻ മാറുമെന്ന് ഉറപ്പായി. പുതിയ അധ്യക്ഷനായി ആൻ്റോ ആൻ്റണിയുടേയും റോജി എം.ജോണിൻ്റേയും പേരുകളാണ് പരിഗണിക്കുന്നത്. 11 ഡിസിസി അധ്യക്ഷൻമാരെയും മാറ്റും. എഐസിസി ദ്വിദിന സമ്മേളനത്തിന് മുന്നോടിയായി അഹമ്മദാബാദിൽ നടക്കുന്ന വിശാല പ്രവർത്തക സമിതിയിലാണ് ധാരണ. 64 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എഐസിസി സമ്മേളനത്തിന് ഗുജറാത്ത് വേദിയാകുന്നത്. ഡിസിസികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും എഐസിസി സമ്മേളനം തീരുമാനിക്കും.
തദ്ദേശ തെരഞ്ഞടുപ്പിൽ കേരളത്തിൽ കോൺഗ്രസിനെ നയിക്കുക പുതിയ നേതൃത്വമായിരിക്കും എന്ന് ഉറപ്പായി. കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് കെ.സുധാകരൻ മാറുന്നത് അദ്ദേഹത്തിൻ്റെ കൂടി സമ്മതതോടെയാണെന്നാണ് ലഭിക്കുന്ന വിവരം. ആൻ്റോ ആൻറണി , റോജി എം ജോൺ - ഇവരിലൊരാൾ കെപിസിസി അധ്യക്ഷനായേക്കും. മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ സഭകൾ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ കത്തോലിക ബിഷപ്പുമാരുമായുള്ള അടുപ്പമാണ് അൻ്റോ ആൻറണിയെ പരിഗണിക്കാൻ കാരണം. ചെറുപ്പവും കത്തോലിക്ക സഭാംഗമാണെന്നതും റോജി എം.ജോണിൻ്റെ സാധ്യതകളാണ്.
അടൂർ പ്രകാശിൻ്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും ബാർ ഉടമയെ കെപിസിസി അദ്ധ്യക്ഷനാക്കരുത് എന്ന് വി.എം.സുധീരൻ നിലപാട് എടുത്തതോടെ ആ സാധ്യത അടഞ്ഞു. കെ.സുധാകരനെ പ്രവർത്തകസമിതിയിൽ ക്ഷണിതാവാക്കും. തൃശ്ശൂർ, ഏറണാകുളം മലപ്പുറം ഡിസിസി അദ്ധ്യക്ഷമാർ ഒഴികെ ബാക്കി എല്ലാ ഡിസിസി അദ്ധ്യക്ഷൻമാരെയും മാറ്റും. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരളത്തിൻ്റെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുർഷി ഹൈക്കമാൻ്റിന് കൈമാറി.
സർദാർ വല്ലഭായി പട്ടേൽ ദേശീയ മ്യൂസിയത്തിലെ വേദിയിലാണ് എഐസിസി സമ്മേളനം നടക്കുന്നത്. പാർട്ടിയെ അടിത്തറയിൽ ശക്തിപ്പെടുത്തുക എന്നതാണ് സമ്മേളനത്തിൻ്റെ മുഖ്യ അജണ്ട. ഡിസിസികളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്കടക്കം സമ്മേളനം രൂപം നൽകും. ഡിസിസി അധ്യക്ഷൻമാർക്ക് കൂടുതൽ അധികാരം നൽകാനും ധാരണയാകും. ബ്ലോക്ക്, നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഡിസിസിക്ക് നൽകും.
എത്ര മുതിർന്ന നേതാക്കൾ സഹകരിച്ചില്ലെങ്കിലും ഇതിന് എഐസിസി പിന്തുണ നൽകും. ആദ്യ ഘട്ടത്തിൽ ഗുജറാത്തിലായിരിക്കും ഈ മാറ്റം നടപ്പിലാക്കുക. 1885-ൽ കോൺഗ്രസ് സ്ഥാപിതമായ ശേഷം ആറാം തവണയാണ് ഗുജറാത്തിൽ എഐസിസി സമ്മേളനം നടക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം രണ്ടാം തവണയും. നാളെ തുടങ്ങുന്ന സമ്മേളനത്തിൽ 1700 പ്രതിനിധികൾ പങ്കെടുക്കും.