വിമാനയാത്രയ്ക്ക് മുമ്പുള്ള ആശയവിനിമയം, വിമാനത്തിനുള്ളിൽ കാറ്ററിംങ് സർവീസുകൾ, മെഡിക്കൽ സൗകര്യങ്ങൾ, ഉപഭോക്തൃ സേവനവും പിന്തുണയും, വകുപ്പുകൾക്കുള്ളിലെ ഏകോപനം എന്നീ അഞ്ച് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിർദേശം
പഹൽഗാം ഭീകരണാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നിർദേശവുമായി വ്യോമ നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതോടെ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കൂടുതൽ പറക്കൽ സമയം ആവശ്യമായി വരും. ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് യാത്രക്കാരുമായി മതിയായ ആശയവിനിമയം നടത്തണമെന്നും, വിമാനത്തിൽ കാറ്ററിംഗ് സേവനങ്ങൾ നൽകണമെന്നും ഡിജിസിഎ അറിയിച്ചു.
വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങൾ മൂലം വിമാനങ്ങളുടെ പറക്കൽ ദൈർഘ്യം വർധിക്കുന്നതും, സാങ്കേതികമായ ലാൻഡിങ്ങും കണക്കിലെടുത്ത് യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള നിർദേശങ്ങളും ഡിജിസിഎ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനയാത്രയ്ക്ക് മുമ്പുള്ള ആശയവിനിമയം, വിമാനത്തിനുള്ളിൽ കാറ്ററിംഗ്, മെഡിക്കൽ സൗകര്യങ്ങൾ, ഉപഭോക്തൃ സേവനവും പിന്തുണയും, വകുപ്പുകൾക്കുള്ളിലെ ഏകോപനം എന്നീ അഞ്ച് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിർദേശം.
രാജ്യത്ത് സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ടെന്നും ഡിജിസിഎ അറിയിച്ചു. വഴിതിരിച്ചുവിടൽ, പറക്കൽ സമയത്തിലുണ്ടാകുന്ന വർധന തുടങ്ങിയവ അന്താരാഷ്ട്ര, പ്രാദേശിക വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. അതിനാൽ റൂട്ടിങ്ങിലെ മാറ്റത്തെക്കുറിച്ച് എല്ലാ യാത്രക്കാരെയും മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്നും ഡിജിസിഎ പറഞ്ഞു.
കൂടാതെ, ഇന്റർമീഡിയറ്റ് വിമാനത്താവളത്തിലെ സാങ്കേതിക ലാൻഡിങ് സാധ്യത യാത്രക്കാരെ അറിയിക്കണം. അത്തരം സ്റ്റോപ്പുകളിൽ അവർ വിമാനത്തിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കണമെന്നും നിർദേശമുണ്ട്. ചെക്ക്-ഇൻ, ബോർഡിങ് ഗേറ്റുകൾ തുടങ്ങി സാധ്യമാകുന്നിടത്തെല്ലാം എസ്എംഎസ്/ഇ-മെയിൽ അലേർട്ടുകൾ വഴി യാത്രക്കാരെ വിവരങ്ങൾ അറിയിക്കണമെന്നും ഡിജിസിഎ അറിയിച്ചു.