എം.ജി.എസ്. നാരായണൻ വിടവാങ്ങിയതോടെ ഇന്ത്യൻ ചരിത്രദർശനത്തിന്‍റെ ഒരു സുവർണ അധ്യായമാണ് അവസാനിക്കുന്നത്
ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ്. നാരായണന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കോഴിക്കോട് മാവൂർ സ്മൃതി പഥത്തിലാണ് ചടങ്ങുകൾ നടന്നത്. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പിലെ വസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.
എം.ജി.എസ്. നാരായണൻ വിടവാങ്ങിയതോടെ ഇന്ത്യൻ ചരിത്രദർശനത്തിന്‍റെ ഒരു സുവർണ അധ്യായമാണ് അവസാനിക്കുന്നത്. വർഷങ്ങളായി പറഞ്ഞു ശീലിച്ച തെറ്റുകൾ തെളിവുകൾ സഹിതം തിരുത്തിപഠിപ്പിച്ചാണ് എം.ജി.എസ്. ചരിത്രമാകുന്നത്. മാർക്സിയൻ ചരിത്ര ദർശനത്തിന്‍റെ മറുവശത്തായിരുന്നെങ്കിലും ഏറ്റവും മതേതരമായ നിലപാടുകളാണ് എം.ജി.എസിനെ ശ്രദ്ധേയനാക്കിയത്.
എല്ലാ മത ജാതി വിഭാഗങ്ങൾക്കും അലോസരമുണ്ടാക്കിയ എഴുത്തുകൾ. എം.ജി.എസ്. നാരായണൻ തിരുത്തിയത് അനേകം കഥകളാണ്. പരശുരാമൻ കേരളത്തിൽ വന്നിട്ടില്ലെന്നും പറയിപെറ്റ പന്തിരുകലം വെറും കഥയാണെന്നും കിട്ടുന്ന വേദികളിലൊക്കെ പറഞ്ഞു. തോമാശ്ലീഹ ഒരുകാരണവശാലും കേരളത്തിൽ വന്നിട്ടില്ലെന്ന് എം.ജി.എസ്. ആധികാരികമായി എഴുതിയപ്പോൾ സഭ പ്രതിഷേധിച്ചു. പിന്നീട് മാർപ്പാപ്പ തന്നെ പറഞ്ഞു, തോമാശ്ലീഹ വന്നത് ഇന്നത്തെ പാകിസ്താൻ വരെ മാത്രമാണെന്ന്.
കേരളത്തിൽ നിന്ന് ഒരു ചേരരാജാവും മക്കത്തിനു പോയിട്ടില്ലെന്ന് തെളിവുകൾ സഹിതം എം.ജി.എസ്. വാദിച്ചു. അതും വലിയ എതിർപ്പുകളുണ്ടാക്കി. പെരുമാൾസ് ഓഫ് കേരള എന്ന ഗവേഷണം ആരംഭിക്കുമ്പോൾ എം.ജി.എസിന് 22 വയസുമാത്രമാണ് പ്രായം. കേരളത്തെക്കുറിച്ച് അന്നുവരെ ആർക്കും അറിയാതിരുന്ന വിവരങ്ങളാണ് പതിറ്റാണ്ടുകളുടെ ഗവേഷണത്തിലൂടെ എം.ജി.എസ്. പുറത്തുകൊണ്ടുവന്നത്. ശിലാലിഖിതങ്ങൾ വ്യാഖ്യാനിച്ചും വട്ടെഴുത്തുകൾ പഠിച്ചും എം.ജി.എസുകൂടി ചേർന്ന് ഉണ്ടാക്കിയെടുത്തതാണ് കേരളത്തിന്‍റെ ഇന്നറിയുന്ന ചരിത്രം.
കോലെഴുത്തും വട്ടെഴുത്തും സംസ്കൃതവും. മൂന്നിലുമുണ്ടായിരുന്ന അഗാധ ജ്ഞാനമാണ് എം.ജി.എസ്. എന്ന ചരിത്രകാരനെ അദ്വിതീയനാക്കിയത്. കൾച്ചറൽ സിംബയോസിസ് ഇൻ കേരള, കാലിക്കറ്റ് - ദ സിറ്റി ഓഫ് ട്രൂത്ത് റീ വിസിറ്റഡ് എന്നീ പുസ്തകങ്ങളും വലിയ ചർച്ചയായി. 1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലാണ് മുട്ടയിൽ ഗോവിന്ദൻ ശങ്കരനാരായണൻ എന്ന എം.ജി.എസ്. നാരായണൻ ജനിച്ചത്. കെ.പി. ഗോവിന്ദ മേനോനും നാരായണിയമ്മയും ആയിരുന്നു മാതാപിതാക്കൾ. മദ്രാസ് സർവകലാശാലയിൽ നിന്ന് 1953ൽ ഒന്നാം റാങ്കോടെയാണ് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. കേരള സർവകലാശാലയിൽ നിന്നായിരുന്നു ഡോക്ടറേറ്റ്.
1976 മുതൽ 1990 വരെ കാലിക്കറ്റ് സർവകലാശാലയിൽ ചരിത്ര അധ്യാപകൻ. പിന്നെ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ. 1982 മുതൽ മൂന്നു വർഷം ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയും ആയിരുന്നു. ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്‍റ്ൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ സ്റ്റാഫ് ഫെലോയും മോസ്കോ, ടോക്കിയോ, മെക്സിക്കോ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറും ആയിരുന്നു. നിരവധി ചരിത്ര പര്യവേഷണങ്ങൾക്കും നേതൃത്വം നൽകിയ എം.ജി.എസ് പുരാതന മന്ദിരങ്ങൾ കുഴിച്ചു നോക്കി ക്ഷേത്രമാണോ പള്ളിയാണോ എന്നു തീരുമാനിക്കുന്നതരം പര്യവേഷണങ്ങളോട് കടുത്ത വിയോജിപ്പും രേഖപ്പെടുത്തിയിരുന്നു.
ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങൾ, കേരളചരിത്രത്തിന്‍റെ അടിസ്ഥാന ശിലകൾ, കോഴിക്കോടിന്‍റെ കഥ, ജനാധിപത്യവും കമ്യൂണിസവും എന്നിവയാണ് മലയാളത്തിലുള്ള പ്രശസ്തമായ കൃതികൾ. ചരിത്രത്തിൽ ഇഎംഎസുമായുളള വിയോജിപ്പുകൾ വ്യക്തിപരമായ വാഗ്വാദങ്ങളിലേക്കും ആരോപണങ്ങളിലേക്കും വരെയെത്തി. ഇ.എം.എസിനോടുള്ള വിയോജിപ്പ് കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള എതിർപ്പുമായി മാറി.
യോജിപ്പുകളും വിയോജിപ്പുകളും നിരവധി ഉണ്ടായിരുന്നു. എന്നും സ്വന്തം നിലപാടുകൾക്കു വേണ്ടി മാത്രമല്ല പൊതു പ്രശ്നങ്ങൾക്കു വേണ്ടിയും സമരമുഖത്തിറങ്ങി. ആ വിയോജിപ്പുകളുടേയും എതിർപ്പുകളുടേയും കാലം കഴിഞ്ഞു. ഇനി എം.ജി.എസ്. അറിയപ്പെടുക ഇന്ത്യൻ ചരിത്ര ദർശനത്തിന് പുതിയ മാനം പകർന്നയാൾ എന്ന നിലയിലാകും. ഇന്ത്യകണ്ട ഏറ്റവും ധൈഷണികനായ ചരിത്രകാരന്മാരിൽ ഒരാളാണ് വിടവാങ്ങിയതി.