fbwpx
അസാധാരണനായ മഹാ ഇടയന് വിട; മറക്കില്ല ലോകം പോപ്പ് ഫ്രാന്‍സിസിനെ...
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Apr, 2025 07:16 PM

അസാധാരണ മാനവികതയോടെ ലോകത്തെ നോക്കിക്കണ്ട, ഭിന്നാഭിപ്രായങ്ങളോട് ചിരിച്ച, എക്കാലത്തേയും ദ വണ്‍ ആന്‍ഡ് ഓണ്‍ലി പോപ്പ്

WORLD


ചരിത്രത്തിലെ എക്കാലത്തേയും വേറിട്ട പോപ്പ് എന്ന് സധൈര്യം വിളിക്കാം പോപ്പ് ഫ്രാന്‍സിസിനെ. ലോക മാധ്യമങ്ങള്‍ എന്ത് പറഞ്ഞു, എന്തെഴുതി പോപ്പിനെക്കുറിച്ച് എന്നതിലുണ്ട്, ലോകത്തിന്റെ പാപ്പ. വിശ്വാസ ലോകത്തിനും അങ്ങനെയൊട്ടുമല്ലാത്ത ലോകത്തിനും സ്വീകാര്യനാവുക അതും ഒരു മതത്തിന്റെ പരമോന്നത അധ്യക്ഷന്‍ എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമല്ലാതെ മറ്റെന്താണ്. ആ പേജുകളിലൂടെ പോപ്പിനെ നോക്കിയാല്‍ വേറിട്ടൊരാളെ കാണാം.


'ടുപോപ്‌സ്' എന്നൊരു ബയോഗ്രഫിക്കല്‍ സിനിമയുണ്ട്. റിയോ ഡി ജെനേറോയുടെ തെരുവുകളുടെ കഥ പറഞ്ഞ സിറ്റി ഓഫ് ഗോഡ് എന്ന ഗംഭീര പോര്‍ചുഗീസ് ചിത്രമെടുത്ത ഫെര്‍ണാണ്ടോ മെയ്‌റേലെസ് സംവിധാനം ചെയ്ത സിനിമ. പോപ് ഫ്രാന്‍സിസും പോപ് ബെനഡിക്ടും ഫ്രെയിമില്‍ വന്ന ചിത്രം. രണ്ടും രണ്ട് തരമെന്ന് മനസ്സിലാക്കിപ്പിച്ച ചിത്രം.



വൈവിധ്യത്തെ അംഗീകരിച്ചതും പുരോഗമനാശയങ്ങളോട് മുഖം തിരിക്കാതിരുന്നതുമാണ് ഹോര്‍ഹേ മാരിയോ ബെര്‍ഗോളിയോ എന്ന അര്‍ജന്റൈന്‍ പുരോഹിതനെ വ്യത്യസ്തനാക്കിയത്. ബ്യൂനോസ് ഐറസില്‍ നിന്ന് റോമിലേക്കുള്ള ദൂരം വിഭിന്നതകളെ ഉള്‍ക്കൊണ്ടും എതിരാശയങ്ങളെ കേട്ടുമായിരുന്നു. കമ്യൂണിസ്റ്റുകളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും ഉദാരപ്പെട്ടു. കുറ്റവാളികളുടെ മാനസാന്തരങ്ങളെ പ്രത്യാശയോടെ കരുണയാല്‍ നോക്കി, ശാസ്ത്രത്തോട് മുഖം ചുളിച്ചില്ല. ട്രംപിന്റെ കുടിയേറ്റ നിയമത്തോട് പോപ്പ് കലഹിച്ചത് അടുത്ത നാളുകളിലാണ്. ക്രിസ്തു സാക്ഷ്യത്തെ മാത്രമല്ല വിമോചന ദൈവശാസ്ത്രത്തേയും കേട്ടു. പുരോഹിതരുടെ ലൈംഗികാതിക്രമത്തിന് ലോകത്തോട് മാപ്പു പറഞ്ഞുകൊണ്ട് ജീവിച്ചിരിക്കെ വിശുദ്ധനായി. അസാധാരണ മാനവികതയോടെ ലോകത്തെ നോക്കിക്കണ്ട, ഭിന്നാഭിപ്രായങ്ങളോട് ചിരിച്ച, എക്കാലത്തേയും ദ വണ്‍ ആന്‍ഡ് ഓണ്‍ലി പോപ്പ്.



Also Read: നിത്യതയിൽ മാ‍ർപാപ്പ; പാവങ്ങളുടെ പാപ്പയ്ക്ക് പ്രാർഥനയോടെ വിട


ഗാസയിലെ മനുഷ്യ രോദനത്തില്‍ വേദനിച്ചു. പുരോഹിതനായ ഗബ്രിയേല്‍ റൊമാനെല്ലിയുടെ ഓര്‍മയില്‍ ഗാസയിലെ പള്ളിയിലേക്ക് വിവരമന്വേഷിച്ച് വിളിക്കുന്ന കോളുകളില്‍ പോപ്പുണ്ട്. യുദ്ധക്കെടുതികളെ ആകുലതയോടെ നോക്കിക്കണ്ടു. നെഞ്ചില്‍ നിന്ന് ശ്വാസം നിലച്ചുപോയ നിമിഷത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പുള്ള അവസാനത്തെ ഈസ്റ്ററിലും ഗാസയുടെ സമാധാനത്തെക്കുറിച്ചാണ് ആഗ്രഹം കൊണ്ടത്. സ്‌നേഹത്തിന്റെ ചരിത്ര സാക്ഷ്യങ്ങള്‍ക്ക് പോപ്പിന്റെ മുഖച്ഛായയാണെന്നര്‍ത്ഥം. വിഷയ വൈവിധ്യങ്ങളോടുള്ള അനുതാപങ്ങളാണ് പാപ്പയെ ശ്രദ്ധേയനാക്കിയത്. മറഡോണയെ കണ്ടപ്പോള്‍ പാപ്പ ചോദിച്ചു. ഏതാണാ കൈ എന്ന്. ആ ചോദ്യത്തിന്റെ കുട്ടിത്തത്തിലുണ്ട് ബ്യൂനോസ് ഐറെസിലെ സാന്‍ ലോറന്‍സോ ക്ലബിനെ ഇഷ്ടപ്പെട്ടിരുന്ന ഫുട്‌ബോളിഷ്ടപ്പെട്ട പഴയ കുട്ടിയായി. പെലെയുടെ ഒപ്പിട്ട ജഴ്‌സി ഉയര്‍ത്തിക്കാട്ടിയ ചിത്രം പ്രസിദ്ധമാണ്. മെസിയും ഇബ്രാഹ്‌മോവിച്ചുമടക്കം എത്രയോ താരങ്ങളെ അദ്ദേഹത്തെ കാണാനെത്തി. ഏറ്റവും അത്ഭുതപ്പെടുത്തിയത് ജീവന്റെ തുടക്കത്തെക്കുറിച്ചുള്ള മതസാങ്കല്‍പിക ചിന്തയില്‍ ഊന്നിയ വിശ്വാസമുള്ള സഭയുടെ തലവന്‍ പരിണാമസിദ്ധാന്തത്തെക്കുറിച്ച് പറഞ്ഞത് പരിണാമവും സൃഷ്ടിയും ഒന്നെന്ന്. സഭയുടെ ചരിത്രത്തിലെ ഏക ലാറ്റിന്‍ അമേരിക്കന്‍ പോപ്പിന്റെ വേറിട്ട മുഖം.



നൂറ്റാണ്ടിനിടെ ആദ്യമായി ഒരു പോപ്പ്, വത്തിക്കാന് പുറത്ത് അന്ത്യവിശ്രമ ഇടം ആവശ്യപ്പെട്ടു. മരണത്തിലും വ്യത്യസ്തതയാണത്. സെന്റ് മേരീസ് മേജര്‍ ബസിലിക്കയില്‍ 1669 ന് ശേഷം ആദ്യമായി 'ഫ്രാന്‍സിസ്‌ക്കസ്' എന്ന് ആലേഖനം ചെയ്ത അലങ്കാരരഹിത ശവകുടീരം തെരഞ്ഞെടുത്തു പാപ്പ. ജോര്‍ജ് ന്യൂമെയര്‍ എഴുതിയ പുസ്തകമായ 'ദ പൊളിറ്റിക്കല്‍ പോപ്പി'ല്‍ ഇങ്ങനെ വാചകമുണ്ട്. 'ഹൗ പോപ്പ് ഫ്രാന്‍സിസ് ഈസ് ഡിലൈറ്റിങ് ലിബറല്‍ ലെഫ്റ്റ് ആന്റ് എബാന്‍ഡനിങ്, കണ്‍സര്‍വേറ്റീവ്‌സ്'എന്ന്..


'ഹോപ്' എന്നാണ് പോപ്പിന്റെ ആത്മകഥയുടെ പേര്. തികച്ചും അസാധാരണനായ ആ മഹാ ഇടയന്‍ തന്നെ.. സേദെ വെക്കന്റ് എന്ന ദുഃഖാചരണ കാലം പുതിയ മാര്‍പ്പാപ്പ തെരഞ്ഞെടുക്കപ്പെട്ടാലും സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന് അഭിമുഖമായുള്ള ബാല്‍ക്കണിയില്‍ ഹാബെ ബൂസ് പാപ്പ എന്ന് പറഞ്ഞ് പുതിയ പാപ്പയെ പരിചയപ്പെടുത്തിയാലും.. ഈ ലോകം പോപ് ഫ്രാന്‍സിസിനെ മറക്കില്ല..


Also Read
user
Share This

Popular

NATIONAL
KERALA
പഹൽഗാം ഭീകരാക്രമണം: അന്വേഷണം NIAക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം