ഇന്ത്യയിലെ പുരാതന ചരിത്രവുമായി ബന്ധപ്പെട്ട് എംജിഎസ് നാരായണന്‍ നടത്തിയ പഠനങ്ങളും വിലയിരുത്തലുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചരിത്രകാരന്‍ എഴുത്തുകാരനുമായി പ്രൊഫ. എംജിഎസ് നാരായണന്‍ അന്തരിച്ചു. 92 വയസായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ചെയര്‍മാനായിരുന്നു. ഇന്ത്യയിലെ പുരാതന ചരിത്രവുമായി ബന്ധപ്പെട്ട് എംജിഎസ് നാരായണന്‍ നടത്തിയ പഠനങ്ങളും വിലയിരുത്തലുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങള്‍, പെരുമാള്‍സ് ഓഫ് കേരള, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ജനാധിപത്യവും കമ്മ്യൂണിസവും എന്നിവാണ് പ്രധാന കൃതികള്‍. അദ്ദേഹത്തിന്റെ പിഎച്ച്ഡി തീസിസാണ് പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.
1932 ഓഗസ്റ്റ് 20ന് ഗോവിന്ദ മേനോന്റെ മകനായി മലപ്പുറത്തെ പൊന്നാനിയില്‍ ജനനം. പരപ്പനങ്ങാടി, പൊന്നാനി എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ബിരുദമെടുക്കാന്‍ ചെന്നൈയിലേക്ക് പോയി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിരുന്നു. 1976-1990 വരെയുള്ള കാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹിസ്റ്ററി വിഭാഗം എച്ച്ഒഡിയായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ ചേര പെരുമാളുകളെ പരാമര്‍ശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങളും അദ്ദേഹം കണ്ടെത്തി പ്രസിദ്ധീകരിച്ചു. തന്റെ സ്വകാര്യ ലൈബ്രറി കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന് നല്‍കി.