ആന എഴുന്നള്ളിപ്പില്‍ ചട്ട ലംഘനം ഉണ്ടായതായി സോഷ്യല്‍ ഫോറസ്റ്ററി കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ് വ്യക്തമാക്കിയിരുന്നു
കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും ഒഴിവാക്കാന്‍ തീരുമാനം. ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടേതാണ് തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എഡിഎം സി. മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തര യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗം തീരുമാനിച്ചു.
ആന എഴുന്നള്ളിപ്പില്‍ ചട്ട ലംഘനം ഉണ്ടായതായി സോഷ്യല്‍ ഫോറസ്റ്ററി കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ് വ്യക്തമാക്കിയിരുന്നു. എഡിഎം-വനം വകുപ്പ് എന്നിവര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി. നാട്ടാന പരിപാലന നിയമം ലംഘിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ഷേത്ര കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചെന്നും ക്ഷേത്രത്തിന് എഴുന്നള്ളത്തിനുള്ള അനുമതി റദ്ദാക്കാണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും, വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്നും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read: കൊയിലാണ്ടിയില്‍ ആനകളിടഞ്ഞ സംഭവത്തില്‍ കേസെടുത്ത് പൊലീസ്; 'സമഗ്രമായ അന്വേഷണം നടത്തും'
അതേസമയം, മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് ഉണ്ടായ അപകടത്തില്‍ പൊലീസ് കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍ അറിയിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ചോദിച്ച കോടതി ഗുരുവായൂരുള്ള ആനയെ എന്തിനാണ് ഇത്ര ദൂരേയ്ക്ക് കൊണ്ടു പോയതെന്നും ചോദിച്ചു.
അപകടത്തില്‍ മരിച്ചവരുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. മരിച്ച ലീലയുടെ മരണം ആനയുടെ ചവിട്ടേറ്റെന്നാണ് സൂചന. ലീലയുടെ ശരീരത്തിൽ സാരമായ ചതവുകളുണ്ട്. അമ്മുക്കുട്ടി, രാജൻ എന്നിവരുടെ മരണം കെട്ടിടാവശിഷ്ടങ്ങളിൽ വീണതിനെ തുടർന്നാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.