ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ് അംഗം എം.കെ. ബാബുരാജാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കേസിൽ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് കെ. മണികണ്ഠന്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. കൗൺസിലർ എം.കെ. ബാബുരാജ് നൽകിയ പരാതിയിലാണ് നടപടി
കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് വർഷം തടവിനു ശിക്ഷിക്കപ്പെട്ട 14-ാം പ്രതി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാക്കം വെളുത്തോളിയിലെ കെ. മണികണ്ഠനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. മാർച്ച് 11ന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ ഹാജരാകണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കെ. മണികണ്ഠന് അയച്ച നോട്ടീസിൽ പറയുന്നത്.
Also Read: കുണ്ടറയിൽ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച സംഭവം: പ്രതികളുടെ മൊഴിയെടുത്ത് എന്‍ഐഎ
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ് അംഗം എം.കെ. ബാബുരാജാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പഞ്ചായത്ത് രാജ് ചട്ടപ്രകാരം അംഗം കുറ്റക്കാരനെന്നു കണ്ടെത്തിയാൽ അയോഗ്യനാക്കണം. മണികണ്ഠനെ കുറ്റക്കാരനെന്നു കണ്ടെത്തിയ കൊച്ചി സിബിഐ കോടതി അഞ്ച് വർഷം തടവിനു ശിക്ഷിച്ച സാഹചര്യത്തിൽ പ്രസിഡൻ്റ് പദത്തിൽ മാത്രമല്ല, അംഗമായി തുടരുന്നതും അംഗീകരിക്കാനാകില്ലെന്നാണ് ബാബുരാജിന്റെ പരാതി. ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച കെ. മണികണ്ഠനുൾപ്പെടെ നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ, മണികണ്‌ഠൻ, രാഘവൻ വെളുത്തോളി, ഭാസ്‌കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി മരവിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം നടക്കുന്നതിനിടെയാണ് കോൺഗ്രസിൻ്റെ പുതിയ നീക്കം.
Also Read: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി
കേസിൽ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച നടപടിയിൽ പ്രോസിക്യൂഷൻ്റെ വാദം പോലും കേൾക്കാതിരുന്നത് ശരിയായില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയിൽ പ്രതികൾക്ക് വ്യക്തമായ പങ്കുണ്ട്. പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇരകളുടെ കുടുംബം പ്രതികരിച്ചു. പ്രതികൾ പുറത്തിറങ്ങുന്നത് ആശങ്കയുണ്ടാക്കുന്നെന്ന് ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ പ്രതികരിച്ചു. കോടതി വിധി സങ്കടപ്പെടുത്തുന്നെന്നും എന്ത് സന്ദേശമാണ് നൽകുന്നതെന്നും കൃപേഷിൻ്റെ അച്ഛൻ കൃഷ്ണൻ ചോദിച്ചു.