കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്.
കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ചത് അട്ടിമറി ശ്രമം തന്നെയെന്ന് എഫ്ഐആർ. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ടെലിഫോൺ പോസ്റ്റ് റെയിൽപ്പാളത്തിൽ വെച്ചതെന്നും എഫ്ഐആറിൽ പറയുന്നു. പ്രതികളെ ഇന്ന് കുണ്ടറ റെയിൽവേപാളത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്.
ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികൾ ഇന്നലെ എൻഐഎക്ക് നൽകിയ മൊഴി. എന്നാൽ തെളിവെടുപ്പിന് ശേഷം പ്രതികൾ അട്ടിമറി ശ്രമം തന്നെയെന്നാണ് നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. അപകടം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 327ാം വകുപ്പ് ചുമത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനാണ് കേരള പൊലീസിന്റെ തീരുമാനം.
കുണ്ടറയിൽ രണ്ട് തവണ പാളത്തിന് കുറുകെ പോസ്റ്റ് വച്ചതിനെ തുടർന്ന് അട്ടിമറി സംശയിച്ചാണ് വിവിധ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയത്. പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതികളായ രാജേഷിലേക്കും അരുണിലേക്കും അന്വേഷണം എത്തിയത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും അന്വേഷണത്തിന് നിർണായക തെളിവായി.
പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തില്‍ കൊണ്ടുപോയി വെച്ചതെന്നുമുള്ള വിചിത്രമായ മൊഴിയാണ് പ്രതികള്‍ അന്വേഷണ സംഘത്തിന് നൽകിയത്. ട്രെയിൻ കടന്നുപോകുമ്പോൾ പോസ്റ്റ് മുറിയുമെന്ന ധാരണയിലായിരുന്നു ഇവർ. പ്രതികളിൽ ഒരാള്‍ക്കെതിരെ 11 ക്രിമിനല്‍ കേസുകളും മറ്റൊരാള്‍ക്കെതിരെ 5 ക്രിമിനല്‍ കേസുകളുമുണ്ട്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ടിടത്താണ് പ്രതികൾ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ചത്. എഴുകോണ്‍ പൊലീസ് എത്തി ആദ്യ സ്ഥലത്തെ പോസ്റ്റ് എടുത്തുമാറ്റി. എന്നാല്‍ രണ്ടാമത്തെ സ്ഥലത്തെ പോസ്റ്റില്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ഫെബ്രുവരി 21ന് രാത്രിയോടെയാണ് എഴുകോണ്‍ പൊലീസിന് പാളത്തിന് കുറുകെ പോസ്റ്റ് വെച്ചതായുള്ള വിവരം ലഭിക്കുന്നത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പോസ്റ്റ് പാളത്തില്‍ നിന്ന് എടുത്തുമാറ്റുകയും ചെയ്തു.
ഇതിന് ശേഷം പരിസരം മുഴുവന്‍ നിരീക്ഷിച്ച ശേഷമാണ് പൊലീസ് സ്ഥലത്ത് നിന്ന് പോയത്. എന്നാല്‍ നീക്കം ചെയ്ത പോസ്റ്റ് രണ്ടാമത് മറ്റൊരിടത്ത് കൊണ്ടു പോയി വെയ്ക്കുകയും ഇതില്‍ പാലരുവി എക്‌സ്പ്രസ് തട്ടുകയുമായിരുന്നു എന്നുമാണ് വിവരം. സംഭവത്തില്‍ അട്ടിമറി സാധ്യത കണക്കിലെടുത്ത് കേരള പൊലീസ് ഈ പരിസരങ്ങളിലായി രാത്രി കാലങ്ങളില്‍ തമ്പടിക്കുന്നവരെ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ നടത്തിയിരുന്നു. പിന്നാലെയാണ് പ്രതികൾ പിടിയിലാവുന്നത്. പഴയ മീറ്റര്‍ ഗേജ് മാറ്റി ബ്രോഡ് ഗേജ് ആക്കി മാറ്റിയ പാതയിലാണ് പോസ്റ്റ് കുറുകെ വെച്ചത്.
രാത്രി കാലങ്ങളില്‍ മാത്രം തീവണ്ടി ഓടുന്ന പാത കൂടിയാണിത്. ഗുരുവായൂര്‍-താംബരം എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നിവയാണ് രാത്രി കാലങ്ങളില്‍ ഈ പാതയിലൂടെ പോകുന്ന തീവണ്ടികള്‍.