ശശി തരൂർ ചിന്തിക്കുന്ന മനുഷ്യനാണെന്നായിരുന്നു എൽഡിഎഫ് മുൻ കൺവീനർ ഇ.പി. ജയരാജന്റെ പ്രതികരണം
എം.വി. ഗോവിന്ദൻ, ശശി തരൂർ
സ്വന്തം നിലയിൽ കാര്യങ്ങൾ പറയാൻ കഴിവുള്ള നേതാവാണ് ശശി തരൂർ എംപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞത് നിസാര കാര്യമല്ല. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ ഒരു നേതാവ് ഇത്തരത്തിൽ പറയുമ്പോൾ തള്ളിക്കളയേണ്ട കാര്യമില്ലെന്നും തരൂരിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെപ്പറ്റിയുള്ള തരൂരിന്‍റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.
ജനകീയ വിഷയങ്ങളിൽ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷത്തിന്റെ റോൾ നിർവഹിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്ന വിമർശനമാണ് സിപിഎം എപ്പോഴും ഉയർത്തിയിട്ടുള്ളതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഈ അവസ്ഥയിൽ കേരളത്തിൽ കോൺഗ്രസിന് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷത്തിൻ്റെ റോൾ ഏറ്റെടുക്കാൻ കഴിയുന്ന കൃത്യമായ നേതൃത്വം ഇല്ല എന്ന് കൂടിയാണ് തരൂരിന്റെ പ്രസ്താവനകൾ തെളിയിക്കുന്നത്. തരൂരിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയേണ്ട കാര്യമല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, ശശി തരൂർ ചിന്തിക്കുന്ന മനുഷ്യനാണെന്നായിരുന്നു എൽഡിഎഫ് മുൻ കൺവീനർ ഇ.പി. ജയരാജന്റെ പ്രതികരണം. യാഥാർഥ്യം വിളിച്ചു പറഞ്ഞതിന് തരൂരിനെ ചില ഗ്രൂപ്പുകാർ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നും ജയരാജൻ ആരോപിച്ചു. തരൂർ ക്വാളിറ്റിയുള്ള നേതാവ് അതിനാലാണ് പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസിന് ഒരു നേതാവിന്റെ അഭാവമുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകർഷിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും തരൂർ പറഞ്ഞു. ദ ഇന്ത്യൻ എക്സ്‌പ്രസിന്റെ വർത്തമാനം എന്ന മലയാളം പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെപ്പറ്റി അഭിപ്രായ പ്രകടനം നടത്തിയത്. പാർട്ടിക്കപ്പുറമുള്ള പിന്തുണയും സ്വീകാര്യതയുമാണ് തനിക്ക് തിരുവനന്തപുരത്ത് ലഭിക്കുന്നതെന്നും തരൂർ പറഞ്ഞു. സ്വതന്ത്ര സംഘടനകൾ നടത്തിയ അഭിപ്രായ വോട്ടിങ്ങുകളിൽ സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കളേക്കാളും നേതൃത്വ പദവിയിലേക്ക് തന്റെ പേരാണ് ഉയർന്ന് കേൾക്കുന്നതെന്നും തരൂർ പോഡ്കാസ്റ്റിൽ പറഞ്ഞു. പാർട്ടിക്ക് അത് ഉപയോഗിക്കണമെങ്കിൽ താൻ പാർട്ടിക്കൊപ്പമുണ്ടാകുമെന്നും അങ്ങനെ അല്ലെങ്കിൽ തന്റെ മുന്നിൽ മറ്റ് വഴികളുണ്ടെന്നും തരൂർ വ്യക്തമാക്കി. പാർട്ടി മാറുന്നത് തന്റെ ആലോചനയിൽ ഇല്ല. അതേസമയം, ഒരാൾക്ക് സ്വതന്ത്രനായി നിൽക്കാനുള്ള അവകാശമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.