1978ൽ സിയാൽകോട്ടിൽ വെച്ച് 34.2 ഓവറിൽ 79 പുറത്തായതാണ് പാകിസ്ഥാനെതിരെ ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോർ. അന്നത്തെ മത്സരം ഇന്ത്യ എട്ടു വിക്കറ്റിന് തോറ്റിരുന്നു.
ചാംപ്യൻസ് ട്രോഫിയിൽ ഇതുവരെ അഞ്ച് തവണയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലേറ്റു മുട്ടിയത്. ചാംപ്യൻസ് ട്രോഫിയിൽ മുഖാമുഖം വന്ന പോരാട്ടങ്ങളിൽ ഇന്ത്യയേക്കാൾ ഒരുപടി മുന്നിൽ പാകിസ്ഥാനാണ്. പാകിസ്ഥാൻ മൂന്നെണ്ണത്തിലും ഇന്ത്യ രണ്ടെണ്ണത്തിലുമാണ് ജയിച്ചത്. അതേസമയം, ആകെ 13 തവണ ഐസിസി ടൂർണമെൻ്റുകളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പത്തെണ്ണത്തിലും ജയം ഇന്ത്യക്കൊപ്പം നിന്നു. ഇതിൽ മൂന്നെണ്ണം മാത്രമാണ് പാകിസ്താൻ ജയിച്ചത്.
2004ലാണ് അയൽരാജ്യക്കാർ ഇരുവരും ചാംപ്യൻസ് ട്രോഫിയിൽ ആദ്യമായി ഏറ്റുമുട്ടിയത്. ഒടുവിൽ ഏറ്റുമുട്ടിയത് 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിലായിരുന്നു. സർഫറാസ് അഹമ്മദ് നയിച്ച പാകിസ്ഥാൻ വിരാട് കോഹ്ലിയുടെ നായകത്വത്തിൽ കപ്പടിക്കാനെത്തിയ ഇന്ത്യയെ 180 റൺസിനാണ് തകർത്തുവിട്ടത്. ഏകദിനത്തിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങളിൽ ഇന്ത്യയുടെ ഏറ്റവുമുയർന്ന ടീം സ്കോർ 2005ൽ വിശാഖപട്ടണത്ത് വെച്ച് നേടിയ 356/9 ആണ്. മത്സരത്തിൽ ഇന്ത്യ 58 റൺസിന് വിജയിച്ചിരുന്നു.
1978ൽ സിയാൽകോട്ടിൽ വെച്ച് 34.2 ഓവറിൽ 79 പുറത്തായതാണ് പാകിസ്ഥാനെതിരെ ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോർ. അന്നത്തെ മത്സരം ഇന്ത്യ എട്ടു വിക്കറ്റിന് തോറ്റിരുന്നു. ഏകദിനത്തിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങളിൽ പാകിസ്ഥാൻ്റെ ഏറ്റവുമുയർന്ന ടീം സ്കോർ 2004ൽ കറാച്ചിയിൽ നേടിയ 344/8 ആണ്.പക്ഷേ ആ മത്സരത്തിൽ ഇന്ത്യയോട് അഞ്ച് റൺസിൻ്റെ തോൽവിയും വഴങ്ങി. 1985ൽ ഷാർജയിൽ 32.5 ഓവറിൽ 87 റൺസിന് ഓൾഔട്ടായതാണ് ഇന്ത്യക്കെതിരായ ഏകദിനങ്ങളിലെ പാക് ടീമിൻ്റെ ഏറ്റവും ചെറിയ ടീം സ്കോർ.
ഇന്ത്യ-പാകിസ്ഥാൻ ഏകദിന പോരാട്ടങ്ങളിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ പേരിലാണ്. 2012ൽ മിർപൂരിൽ പാകിസ്ഥാനെതിരെ 148 പന്തിൽ നിന്ന് 183 റൺസ് നേടിയാണ് കോഹ്ലി ഈ നേട്ടത്തിലേക്കെത്തിയത്. മറുവശത്ത് പാക് ബാറ്റർമാരിൽ മുന്നിൽ സയീദ് അൻവറാണ്. 1997ൽ ചെന്നൈയിൽ 146 പന്തിൽ നിന്ന് 194 റൺസെടുത്ത സയീദ് അൻവറുടെ പ്രകടനമാണ് ഏകദിനത്തിൽ ഇന്ത്യക്കെതിരായ ഒരു പാക് ബാറ്ററുടെ മികച്ച പ്രകടനം. ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഒരു പാകിസ്ഥാനി ബൗളറുടെ ഏറ്റവും മികച്ച പ്രകടനം ആഖിബ് ജാവേദിൻ്റെ പേരിലാണ്. 1991ൽ ഷാർജയിൽ വെച്ച് 37 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വിക്കറ്റെടുത്തതാണ് ചരിത്രത്തിലിടം നേടിയത്.
ഇന്ത്യ-പാക് ഏകദിന പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് വാരിയ ബാറ്റർമാരിൽ മുന്നിൽ ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറാണ്. പാകിസ്ഥാനെതിരെ കളിച്ച 69 മത്സരങ്ങളിൽ നിന്ന് 2526 റൺസാണ് ലിറ്റിൽ മാസ്റ്റർ അടിച്ചെടുത്തത്. 141 ആണ് പാകിസ്ഥാനെതിരെ സച്ചിൻ്റെ ഉയർന്ന സ്കോർ. ഇൻസമാം ഉൾ ഹഖ് (2403), സയീദ് അൻവർ (2002), രാഹുൽ ദ്രാവിഡ് (1899), ഷോയിബ് അക്തർ (1782) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യ-പാക് ഏകദിനങ്ങളിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ പാകിസ്ഥാൻ ഇതിഹാസ പേസർ വസീം അക്രമാണ്. ഇന്ത്യക്കെതിരായ 48 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റാണ് അക്രം വീഴ്ത്തിയത്. 35/4 ആണ് ഏറ്റവും മികച്ച പ്രകടനം. സഖ്‌ലെയ്ൻ മുഷ്താഖ് (57), ആഖിബ് ജാവേദ് (54), അനിൽ കുംബ്ലെ (54), ജവഗൽ ശ്രീനാഥ് (54) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.