മേൽക്കൂരയിലുണ്ടായ വിള്ളലിലൂടെ വെള്ളമിറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തു. സൈന്യത്തിൻ്റെ എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സിനൊപ്പം NDRF, SDRF സംഘങ്ങളും ദുരന്തമുഖത്തുണ്ട്. എന്നാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന
തെലങ്കാനയിലെ എൽഎൽബിസി തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. എന്നാൽ അപകടസ്ഥലത്ത് വെള്ളം കയറിയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. അപകടത്തിൽ പെട്ടത് രണ്ട് എഞ്ചിനിയർമാരടക്കം എട്ട് പേർ.
തെലങ്കാന നാഗർകുർനൂൾ ജില്ലയിലെ SLBC യുടെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ ഇന്നലെ രാവിലെയോടെയാണ് അപകടമുണ്ടായത്.. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിൻ്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാന്‍ കയറിയ 8 തൊഴിലാളികളാണ് ഒരുഭാഗം ഇടിഞ്ഞതോടെ അപകടത്തിൽ പെട്ടത്.
മേൽക്കൂരയിലുണ്ടായ വിള്ളലിലൂടെ വെള്ളമിറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തു. സൈന്യത്തിൻ്റെ എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സിനൊപ്പം NDRF, SDRF സംഘങ്ങളും ദുരന്തമുഖത്തുണ്ട്. എന്നാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു.
രക്ഷാ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിലെ ഒരു ടാസ്ക് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. സെക്കന്തരാബാദിലെ ഇൻഫൻട്രി ഡിവിഷന്റെ ഭാഗമായ എന്‍ജിനീയറിങ് റെജിമെന്റ് എക്‌സ്‌കവേറ്റർ ഡോസറുമായി സജ്ജമാണെന്ന് സൈന്യം അറിയിച്ചു.
തുരങ്കത്തിനുള്ളിലെ എയർ ചേമ്പർ തകർന്നിട്ടുണ്ട്. കൺവെയർ ബെൽറ്റ് പൂർണമായി തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ടണലിൻ്റെ പതിമൂന്ന് കിലോമീറ്റർ അകത്താണ് അപകടമുണ്ടായത്. ഇവിടെ നാലടി ഉയത്തിൽ വെള്ളവും ചെളിയും നിറഞ്ഞിരിക്കുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി. ഇവ നീക്കം ചെയ്തതിനു ശേഷം മാത്രമേ രക്ഷാപ്രവർത്തകർക്ക് മുന്നോട്ടുപോകാൻ കഴിയു.
രണ്ട് എഞ്ചിനിയർമാരും രണ്ട് മെഷീൻ ഓപ്പറേറ്റർ മാരും നാല് തൊഴിലാളികളുമാണ് അപകടത്തിൽ പെട്ടത്. ഇവരുമായി ടണൽ റേഡിയോ വഴി ബന്ധപ്പെടാൻ ശ്രമം പരാജയപ്പെട്ടു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നിർമാണം പൂർത്തിയാക്കാത്തതിനാല്‍ ടണല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഫെബ്രുവരി 18നാണ് ടണല്‍ തുറന്നത്. ടണലിലൂടെ വെള്ളം കൊണ്ടുപോയി തുടങ്ങിയപ്പോഴുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്.
52 തൊഴിലാളികളെ ടണലിൽ നിന്ന് രക്ഷിച്ചെങ്കിലും എട്ട് പേർ ഇപ്പോഴും ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ നാലുപേർ ജാർഖണ്ഡിൽ നിന്നുള്ളവരും രണ്ടുപേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ഒരാൾ ജമ്മു കശ്മീരിൽ നിന്നും ഒരാൾ പഞ്ചാബിൽ നിന്നുമാണെന്ന് അധികൃതർ അറിയിച്ചു.