ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി കടന്നുള്ള ഏക ജല പങ്കിടല്‍ കരാറാണ് സിന്ധു നദീജല കരാര്‍
യുദ്ധകാലത്തുപോലും സ്വീകരിക്കാത്ത അസാധാരണ നടപടികളിലേക്കാണ് പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയെ എത്തിച്ചിരിക്കുന്നത്. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തിലെ പല സുപ്രധാന വാതിലുകളും കൊട്ടി അടച്ചുകൊണ്ടാണ് ഇന്ത്യന്‍ നടപടി. ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് അതില്‍ ഏറ്റവും നിര്‍ണായകം.
ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി കടന്നുള്ള ഏക ജല പങ്കിടല്‍ കരാറാണ് സിന്ധു നദീജല കരാര്‍. രാജ്യാന്തര സഹകരണത്തിലെ ഉദാത്ത മാതൃകയായി ലോകരാജ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ഉടമ്പടിയാണിത്. പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും. സിന്ധു നദീജല കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം ദൂരവ്യാപക പ്രതിസന്ധിയാണ് പാകിസ്ഥാന് നല്‍കുക.
ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്നുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലും, സമീപകാലത്ത് പാക് പ്രകോപനം കൂടി വരുന്ന പശ്ചാത്തലത്തിലും കൂടിയാണ് ഈ കടുത്ത നീക്കം. സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് സുപ്രധാന ഉടമ്പടിയാണിത്. 64 വര്‍ഷത്തിലധികമായി ഇന്ത്യയും പാകിസ്ഥാനും പാലിച്ചു വന്നിരുന്നതാണ് നദീജല കരാര്‍.
വിഭജന കാലത്താണ് ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന സിന്ധു നദിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു. 1948 - ല്‍ പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ ആവശ്യത്തിന് വെള്ളം കടത്തിവിടുന്നില്ലെന്ന പരാതിയുമായി പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയിലെത്തി. വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം ലോകബാങ്ക് മധ്യസ്ഥതയില്‍ കരാര്‍ ഇരു രാജ്യങ്ങളും ധാരണയായി.
1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍ സിന്ധു നദീജല ഉടമ്പടിയില്‍ ഒപ്പുവെച്ചു. സിന്ധുവിനെയും അഞ്ച് പോഷക നദികളേയും വിഭജിച്ചുള്ള കരാര്‍ നിലവില്‍ വന്നു. കിഴക്കന്‍ നദികളായ രവി, സത്‌ലജ്, ബിയാസ് എന്നീ നദികളിലെ ജലം ഇന്ത്യയ്ക്കും, പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയിലെ ജലം പാകിസ്താനും നല്‍കി ഈ ഉടമ്പടി.
ഇതുപ്രകാരം മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയും ബാക്കി ജലപ്രവാഹത്തിന്റെ 80 ശതമാനം പാകിസ്താനുമാണ് ലഭിക്കുന്നത്. ഏറ്റവും വലിയ ഗുണഭോക്താവ് പാകിസ്ഥാനെന്ന് ചുരുക്കം. അതിനാല്‍ കരാര്‍ റദ്ദാക്കല്‍ വലിയ തിരിച്ചടിയാകും. പാക് കിഴക്കന്‍ മേഖലയിലെ ജലലഭ്യതയെ പൂര്‍ണമായി ബാധിക്കും. സാമ്പത്തികമായി തകര്‍ന്ന പാകിസ്ഥാന് ഇതൊരു കനത്ത പ്രഹരമാകും.
മൂന്ന് യുദ്ധങ്ങളെയും നിരവധി ഭീകരാക്രമണങ്ങളെയും അതിജീവിച്ചു കരാര്‍. 2001-ലെ പാര്‍ലമെന്റ് ആക്രമണവും 2019-ലെ പുല്‍വാമ ആക്രമണവും അടക്കം നിരവധി ഭീകരാക്രമണങ്ങള്‍ നേരിട്ടു. പക്ഷേ ഇന്ത്യ കരാര്‍ ഒഴിവാക്കിയില്ല. 2016 ലെ ഉറി ഭീകരാക്രമണത്തോടെ കരാര്‍ റദ്ദാക്കാന്‍ ആവശ്യമുയര്‍ന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകണോ എന്ന് ചര്‍ച്ച വന്നു. പ്രധാനമന്ത്രി നിലപാടെടുത്തു. ഒടുവില്‍ പഹല്‍ഗാമിലെ ഭീകരതയിൽ ഇന്ത്യ ആ തീരുമാനവും കൈക്കൊണ്ടിരിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഒരു ഡിപ്ലോമാറ്റിക് സ്‌ട്രൈക്ക്.