ചൊവ്വയിൽ ഒരു പേടകം പ്രശ്നങ്ങളില്ലാതെ ഇറക്കാനാകുമോയെന്ന് കണ്ടെത്തുകയാണ് ഈ ദൗത്യത്തിൻ്റെ ലക്ഷ്യമെന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചു
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആളില്ലാത്ത പേടകം ചൊവ്വയിൽ ഇറക്കുമെന്ന് സ്പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായാണ് പുതിയ ദൗത്യത്തെപ്പറ്റിയുള്ള മസ്കിന്‍റെ പ്രഖ്യാപനം.
ചൊവ്വയിൽ ഒരു പേടകം പ്രശ്നങ്ങളില്ലാതെ ഇറക്കാനാകുമോയെന്ന് കണ്ടെത്തുകയാണ് ഈ ദൗത്യത്തിൻ്റെ ലക്ഷ്യമെന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചു. ഈ ദൗത്യം വിജയകരമായാൽ അടുത്ത നാല് വർഷത്തിനുള്ളിൽ ആളുകളെ ഉൾക്കൊള്ളിച്ചുള്ള ചൊവ്വാദൗത്യം ആരംഭിക്കുമെന്നും മസ്ക് വ്യക്തമാക്കി. അടുത്ത 20 വർഷത്തിനുള്ളിൽ ഒരു സ്വയം സുസ്ഥിര നഗരം ചൊവ്വയിൽ നിർമിക്കാനാണ് മസ്ക് ലക്ഷ്യമിടുന്നത്. ദൗത്യത്തിൻ്റെ ആദ്യ പടിയെന്നോണമാണ് പുതിയ പ്രഖ്യാപനം.
അനുയോജ്യ സാഹചര്യമാണെങ്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്പേസ് എക്സിന് മനുഷ്യനെ ചൊവ്വയിലെത്തിക്കാനാകുമെന്ന് മസ്‌ക് അവകാശപ്പെട്ടിരുന്നു. അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാനിന് നൽകിയ അഭിമുഖത്തിലായിരുന്നു മസ്കിൻ്റെ അവകാശവാദം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉൾപ്പടെ ആളുകളെ അയയ്ക്കാൻ സാധ്യമാക്കുന്ന അടുത്ത തലമുറയുടെ ബഹിരാകാശ പേടകങ്ങൾ നിർമിക്കാനാണ് മസ്ക് ലക്ഷ്യമിടുന്നത്.