ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാത്ത പക്ഷം ഉടൻ അറസ്റ്റ് ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനും നേതാക്കൾക്ക് ആലോചനയുണ്ട്
വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും. കൽപ്പറ്റ ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാത്ത പക്ഷം ഉടൻ അറസ്റ്റ് ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയെ സമീപിക്കാനും നേതാക്കൾക്ക് ആലോചനയുണ്ട്.
സുല്‍ത്താന്‍ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുക. ഈ മാസം 15 വരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നു പേരെയും പ്രതിചേർത്തത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഇവർക്കെതിരെയുള്ളത്. നിലവിൽ മൂന്നുപേരും ഒളിവിൽ ആണെന്ന് പൊലീസ് പറയുന്നു. മൂന്നുപേരുടെയും അറസ്റ്റ്, ഐ.സി. ബാലകൃഷ്ണന്റെ രാജി എന്നിവ ആവശ്യപ്പെട്ടുകൊണ്ട് സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തുണ്ട്.
എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. എൻ.എം. വിജയൻറെ ഫോൺ രേഖകളും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനുശേഷമാണ് കേസടുത്തത്.
അതേസമയം വിവാദത്തിന് പിന്നാലെ കര്‍ണാടകയിലേക്ക് മാറിയിരിക്കുകയാണ് ഐ.സി.ബാലകൃഷ്ണന്‍. ഇന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന പക്ഷം മാത്രം ജില്ലയില്‍ എത്തിയാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെയും നിര്‍ദേശം. നിയമന വിവാദത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ നല്‍കിയ ശുപാര്‍ശ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ശുപാര്‍ശ നല്‍കിയെന്ന കാര്യം ആദ്യം വിസമ്മതിച്ച എംഎല്‍എ കത്ത് പുറത്തുവന്നതോടെ പ്രസ്താവന തിരുത്തി രംഗത്തെത്തിയിരുന്നു.
ALSO READ: അബ്ദുൽ റഹീമിന്റെ മോചനം: കേസ് റിയാദ് ക്രിമിനൽ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.