ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ജയിലില്‍ നാടകം തുടരുകയായിരുന്നു.
ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനാകും. പുറത്തിറങ്ങാതെ ജയില്‍ നാടകം കളിച്ചത് മാധ്യമ ശ്രദ്ധയ്ക്കു വേണ്ടിയാണെന്നാണ് കരുതുന്നത്. ഇന്നും നാടകം തുടര്‍ന്നാല്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് കാക്കനാട് ജയില്‍ അധികൃതര്‍ അറിയിച്ചു.
ഇന്നലെയാണ് നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ജയിലില്‍ നാടകം തുടരുകയായിരുന്നു. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്.
ജാമ്യ ബോണ്ട് ഒപ്പിടാനും വിസമ്മതിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചത്. ഭാവിയില്‍ മോശം പ്രയോഗങ്ങള്‍ ഉണ്ടാവില്ലെന്ന പ്രതിഭാഗത്തിന്റെ ഉറപ്പ് രേഖപ്പെടുത്തിയാണ് ബോബി ചെമ്മണ്ണൂരിന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ജാമ്യം നല്‍കിയത്. തുടര്‍ന്ന് ജാമ്യ ഉത്തരവുമായി കാക്കനാട് ജില്ലാ ജയിലിലേക്ക് ഇറങ്ങിയ അഭിഭാഷകനോടും സംഘത്തോടും എത്തേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിക്കുകയായിരുന്നു.
Also Read: ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം നൽകി ഹൈക്കോടതി; ഉത്തരവിൽ ദ്വയാർഥ പ്രയോഗങ്ങൾക്ക് വിമർശനം
ഉത്തരവുമായി എത്തിയാല്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായ ബോണ്ടില്‍ ഒപ്പിടില്ലെന്നും ബോബി വ്യക്തമാക്കി. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ അവസരമൊരുക്കും. ഇതിനുശേഷമേ താന്‍ ജയില്‍ മോചിതനാകൂവെന്ന നിലപാടിലാണ് ബോബി ചെമ്മണ്ണൂര്‍. തുടര്‍ന്നാണ് ജയില്‍ മോചനം വീണ്ടും നീണ്ടത്. ബോബി പുറത്തിറങ്ങുമ്പോള്‍ സ്വീകരണം നല്‍കാനായി വലിയ ആള്‍ക്കൂട്ടം ജയിലിന് പുറത്തെത്തിയിരുന്നു. പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
Also Read: ബോബി ചെമ്മണ്ണൂരിന് ജയിലിൽ VIP പരിഗണന; ഡിഐജിക്കൊപ്പം മൂന്ന് സഹായികൾ കാണാനെത്തി
പരാതിക്കാരിക്കെതിരെ നടത്തിയ വാക്പ്രയോഗത്തില്‍ ദ്വയാര്‍ഥമുണ്ട്. നടിയായോ ഗായികയായോ സംഗീതജ്ഞയായോ കായിക, പ്രഫഷണല്‍ മേഖലകളിലോ പരാതിക്കാരി പ്രശസ്തയല്ലെന്ന ജാമ്യഹര്‍ജിയിലെ പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു. പരാതിക്കാരിക്ക് സമൂഹത്തിലുള്ള സ്ഥാനം സംബന്ധിച്ച് ഹർജിക്കാരന്‍ മറ്റുള്ളരുടെ വക്കാലത്തെടുത്ത് സംസാരിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ബോഡി ഷെയിമിങ് സമൂഹം അംഗീകരിക്കുന്നില്ല. അതിനാല്‍, ആണായാലും പെണ്ണായാലും മറ്റുള്ളവരെ കുറിച്ച് പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി ഓര്‍മിപ്പിച്ചു.
അമ്പതിനായിരം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് പേരുടേയും ജാമ്യ ബോണ്ട് കെട്ടിവെക്കണമെന്നതടക്കമുള്ള ഉപാധികളിലാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യേഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളേയും മറ്റും ഭീഷണിപ്പെടുത്തുകയോ പ്രീണിപ്പിക്കുകയോ ചെയ്യരുത്, കേസിനെ ബാധിക്കുന്ന നടപടികളൊന്നും പാടില്ല, സമാനമായ കുറ്റകൃത്യം ചെയ്യരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷനും പരാതിക്കാരിക്കും നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
അതേസമയം, ബോബിക്ക് ജയിലില്‍ വിഐപി പരിഗണന കിട്ടിയെന്ന ആരോപണം ജയില്‍ വകുപ്പ് അന്വേഷിക്കും.