വിദ്യാർഥികൾ തമ്മിലുള്ള ആന്തരിക സംഘർഷങ്ങളാണ് റാഗിങ്ങിന്റെ കാരണം
സംസ്ഥാനത്ത് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആൻ്റി റാഗിങ് സെൽ നിർബന്ധമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പരാതികൾ ഉയർന്നിരിക്കുന്നത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഏർപ്പെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
വിദ്യാർഥികൾ തമ്മിലുള്ള ആന്തരിക സംഘർഷങ്ങളാണ് റാഗിങ്ങിന്റെ കാരണം. വിദ്യാർഥി സംഘടന പ്രവർത്തനം നിലവിലില്ലാത്ത ക്യാമ്പസിൽ നിന്നുമാണ് പരാതി ഉയർന്നത്. വിദ്യാർഥി സംഘടന പ്രവർത്തനവുമായി നിലവിലെ പരാതികളെ ബന്ധിപ്പിക്കാൻ ആവില്ലെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
വൈകാരിക അരക്ഷിതാവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികളെ ചേർത്തുനിർത്താനുള്ള പദ്ധികൾ ആവിഷ്കരിക്കും. ഇതിനായി പിയർ എജുക്കേഷൻ എന്ന രീതിയിൽ മുതിർന്ന വിദ്യാർഥികളുടെ ഒരു കൂട്ടായ്മ ക്യാംപസുകളിൽ ഉണ്ടാക്കുമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ്ങിനെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും ആർ. ബിന്ദു വ്യക്തമാക്കി.
പേടികാരണമാണ് കുട്ടികൾ കാര്യങ്ങൾ തുറന്നുപറയാത്തത്. മാനസിക സംഘർഷങ്ങൾ തുറന്നുപറയുന്ന ശീലം ഇന്നത്തെ തലമുറയിലെ കുട്ടികൾക്കില്ല. അതിന്റെ കാരണം കുട്ടിക്കാലം മുതൽ അവരെ ആരും കേൾക്കാൻ തയ്യാറായില്ല എന്നതുതന്നെയാണ്. കുട്ടികൾക്ക് കാര്യങ്ങൾ തുറന്നുപറയാനുള്ള അവസരം, അതിനുള്ള സാവകാശം ഇന്ന് കുടുംബങ്ങളിൽ നിന്നും ലഭിക്കുന്നില്ല. അത്തരം അവസരങ്ങൾ സൃഷ്ടിക്കാൻ അധ്യാപകർക്കും, വിദ്യാർഥി സമൂഹങ്ങൾക്കും, പൊതുജനങ്ങൾക്കും എല്ലാം സാധിക്കണമെന്നും ആർ. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉണ്ടാകുന്ന സംഭവങ്ങളിൽ സമയബന്ധിതമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.