ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസിൽ ഒമ്പത് ബോഗികളിലായി 400 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്
പാകിസ്ഥാനിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പിടിച്ചെടുത്ത ട്രെയിനിൽ നിന്ന് മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്തി പാക് സൈന്യം. തട്ടികൊണ്ടുപോയ 346 പേരെയാണ് മോചിപ്പിച്ചത്. ഏറ്റുമുട്ടലില്‍ 27 സൈനികരും 30 ബലൂച് സായുധ സേനാംഗങ്ങളും കൊല്ലപ്പെട്ടെന്ന് സൈന്യം സ്ഥിരീകരിച്ചു.
പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസിൽ ഒമ്പത് ബോഗികളിലായി 400 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ട്രെയിനിന് നേരെ വെടിവെപ്പ് നടന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് ബിഎൽഎ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
ALSO READ: പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ; ബലൂച് ഭീകരർ ബന്ദികളാക്കിയവരിൽ നിരവധി പേരെ മോചിപ്പിച്ചു
ബന്ദികളിൽ പാകിസ്ഥാൻ മിലിട്ടറി, ആൻ്റി ടെററിസം ഫോഴ്സ് (എടിഎഫ്), ഇൻ്റർ സർവീസ് ഇൻ്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരുമുണ്ട്. ബിഎൽഎയുടെ ഫിദായീൻ യൂണിറ്റായ മജീദ് ബ്രിഗേഡാണ് ട്രെയിൻ അട്ടിമറി നടത്തിയത്. ബിഎൽഎയുടെ ഇൻ്റലിജൻസ് വിങ്ങായ സിറാബ്, ഫതേ സ്ക്വാഡ് എന്നിവയുടെ പിന്തുണ ആക്രമണത്തിന് ലഭിച്ചതായും പ്രസ്താവനയിൽ പറയുന്നു. 2000 മുതൽ അഫ്ഗാനിസ്ഥാനിലെ ബലൂചിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി. ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിച്ചാണ് ഈ സായുധ സംഘടന പ്രവർത്തിക്കുന്നത്.