fbwpx
കെപിസിസി സെമിനാറിൽ പങ്കെടുത്ത് ജി. സുധാകരനും സി. ദിവാകരനും; പരസ്പരം പ്രശംസിച്ച് കോൺഗ്രസ്, ഇടത് നേതാക്കൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Mar, 2025 09:55 PM

കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം.സുധീരൻ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.

KERALA


മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ നൂറാം വാർഷികത്തിൽ കെപിസിസി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുത്ത് ഇടതു നേതാക്കളായ ജി. സുധാകരനും സി. ദിവാകരനും. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം.സുധീരൻ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.

വ്യവസ്ഥിതിയുടെ തെറ്റായ വഴിക്ക് എതിരെ പോരാടിയവരാണ് മഹാത്മാഗാന്ധിയും ഗുരുദേവനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രത്യയശാസ്ത്രത്തിൻ്റെ തടവുകാരാകാതെയാണ് അവർ പോരാടിയത്. ജി. സുധാകരൻ നീതിമാനായ പൊതുമരാമത്ത് മന്ത്രിയായിരുന്നു. ആദരവോടെയാണ് ജി. സുധാകരനെയും സി. ദിവാകരനെയും കണ്ടിട്ടുള്ളത്. സഭയിൽ മന്ത്രിമാരെ വിമർശിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, ഈ രണ്ടു പേരെയും ഇതുവരെ വിമർശിക്കേണ്ടി വന്നിട്ടില്ല. പ്രത്യയശാസ്ത്രത്തിൻ്റെ തടവുകാരാകാതെ മുന്നോട്ടുപോകാൻ കഴിയുമെന്ന് കാണിച്ചുതന്ന രണ്ട് മഹത് വ്യക്തികളാണ് ഇവിടെയിരിക്കുന്നത്.

ജി. സുധാകരനും സി. ദിവാകരനും സെമിനാറിൽ പങ്കെടുക്കുന്നത് നല്ല ലക്ഷണമാണെന്ന് വി.എം. സുധീരൻ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ലഹരിക്കെതിരെ ഒന്നിച്ചുനിൽക്കണം. കൂടൽമാണിക്യം ക്ഷേത്രത്തിലെ വിവേചനം അതീവ ഗൗരവത്തോടെ സമൂഹം കാണണം. അയിത്തത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഗാന്ധിജിയുടെയും ഗുരുവിൻ്റേയും സന്ദേശം കാറ്റിൽ പറത്തുകയാണെന്നും സുധീരൻ വിമർശിച്ചു.

ജി. സുധാകരനെ വേദിയിലിരുത്തി രമേശ് ചെന്നിത്തല സിപിഐഎമ്മിലെ പ്രായപരിധി മാനദണ്ഡത്തെ വിമർശിച്ചു. വയസും പ്രായപരിധിയും ഒന്നും മാനദണ്ഡമായി കണക്കാക്കുന്നില്ലെന്നും വയസ് നമ്മൾ അളക്കാനുള്ള വേലിക്കെട്ടായി കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രായമല്ല കഴിവാണ് പ്രശ്നമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നേരത്തെ സിപിഐഎമ്മിലെ പ്രായപരിധി മാനദണ്ഡത്തെ പാർട്ടിയിലെ മുതിർന്ന നേതാവായ ജി. സുധാകരൻ വിമർശിച്ചിരുന്നു.

ഞാൻ നിങ്ങളുടെ വേദിയിലെ പുതിയ ഒരാളല്ലെന്നും അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ ഇരുപതിന പരിപാടി ഇവിടെ മനോഹരമായി വ്യാഖ്യാനിച്ചിട്ടുണ്ടെന്നും സ്വയം പരിചയപ്പെടുത്തിയാണ് സിപിഐ നേതാവായ സി. ദിവാകരൻ സംസാരിച്ച് തുടങ്ങിയത്. ജി. സുധാകരനാണ് ഇന്നത്തെ താരമെന്ന് അറിയാം. ജി. സുധാകരനെ ഇരുത്തിയാണ് എന്നെ വിളിച്ചത്. അതിൻ്റെ കാരണം എനിക്കറിയാം. സുധാകരൻ പ്രസംഗിച്ച് കഴിഞ്ഞാൽ എല്ലാവരും എഴുന്നേറ്റ് പോകുമെന്നും അറിയാമെന്നും ദിവാകരൻ തമാശയും പറഞ്ഞു. വി.ഡി. സതീശനേയും രമേശ് ചെന്നിത്തലയേയും പുകഴ്ത്താനും ദിവാകരൻ മറന്നില്ല. വി.ഡി. സതീശൻ നിയമസഭയിലെ കിറുകൃത്യം നേതാവാണ്. രമേശ് ചെന്നിത്തല ഇരുത്തം വന്ന സാമാജികനാണ്. 28ാം വയസിൽ ചെന്നിത്തല മന്ത്രിയായി. താൻ ആ പ്രായത്തിൽ കൊടിയും പിടിച്ച് നടക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഓർത്തെടുത്തു.

അതേസമയം കെപിസിസി പരിപാടിയിൽ വെച്ച് ബ്രൂവറി വിഷയത്തിൽ സി. ദിവാകരൻ ഇടതു സർക്കാരിനെ വിമർശിച്ചു. "ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത് ബ്രൂവറി വേണോ വേണ്ടയോ എന്നാണ്. കേരളത്തിൻ്റെ രാഷ്ട്രീയത്തിൽ എത്ര വേഗമാണ് മദ്യം ചർച്ചയായത്. പുതുതലമുറ ലഹരി അടിമകളാണ്, കൊലപാതകികളാണ് എന്നൊക്കെയാണ് പറയുന്നത്. നമ്മൾ വെറുതെ പുതുതലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ക്യൂവിൽ നിൽക്കുന്ന അവസാനത്തെ ആൾക്കും മദ്യം കൊടുത്തേ അടയ്ക്കാവൂ എന്നാണ് തീരുമാനം. വോട്ടെടുപ്പിൽ ക്യൂവിൽ നിൽക്കുന്ന അവസാനത്തെ ആൾക്കും വോട്ട് ചെയ്യാൻ അനുവാദം കൊടുക്കൽ പോലെയാണ് ഉദ്ദേശിക്കുന്നത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശമല്ലേ. എന്നാൽ ഇത് നമ്മൾ ശ്രീനാരായണ ഗുരുവിനോട് ചെയ്യുന്ന നീതികേടാണ്," സി. ദിവാകരൻ പറഞ്ഞു.

അതേസമയം, കെപിസിസിയുടെ ചർച്ച കാലഘട്ടത്തിന് ഗുണമുള്ളതാണെന്നും അതിന് കെപിസിസിയെ അഭിനന്ദിക്കുന്നുവെന്നും മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ പറഞ്ഞു. പരിപാടിക്ക് 'ആശയ സാഗരസംഗമം' എന്ന് പേര് കൊടുത്തതിനേയും അദ്ദേഹം അഭിനന്ദിച്ചു. ഞാൻ സമ്മേളനത്തിൽ പങ്കെടുക്കുന്നുവെന്ന് വലിയ പബ്ലിസിറ്റി. ഞാൻ മാത്രമല്ല ഇതിൽ പങ്കെടുത്തത്. എൻ്റെ പാർട്ടിയെപ്പറ്റി ഞാൻ ഒരിക്കലും ആക്ഷേപം പറയില്ല. പറയുന്ന പ്രശ്നം ഉദിക്കുന്നില്ല.

കെപിസിസിയുടെ സെമിനാറിൽ ശശി തരൂരിനെ ജി. സുധാകരൻ പരിഹസിച്ചു. "ഗാന്ധിജി വിശ്വ പൗരനാണ്. എന്നാൽ ഇപ്പോൾ ഏതെങ്കിലും രണ്ട് രാജ്യത്ത് അംബാസിഡർ ആയാൽ വിശ്വ പൗരൻ എന്നാണ് പറയുന്നത്. അത് അംഗീകരിക്കാനാകില്ല. ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥനല്ല വിശ്വ പൗരൻ. അയാൾ ശമ്പളത്തിനും പദവിക്കുവേണ്ടി ജോലിയെടുക്കുന്ന ആളാണ്. ഉദ്യോഗസ്ഥൻ അല്ല വിശ്വ പൗരൻ. നെഹ്റുവും ടാഗോറും ഡോക്ടർ രാധാകൃഷ്ണനും ഒക്കെ വിശ്വ പൗരന്മാരായിരുന്നു. മഹാത്മാ ഗാന്ധി വിശ്വപൗരന്മാരിൽ വിശ്വ പൗരൻ ആയിരുന്നു," ജി. സുധാകരൻ പറഞ്ഞു.

"ഇന്ത്യൻ രാഷ്ട്രീയത്തിനാകെ അപചയം വന്നു. അത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പ്രശ്നമല്ല. നീതിബോധമുള്ള വിദ്യാർഥികളെ മറ്റൊരുതരത്തിൽ ആക്കുന്നത് കേരള രാഷ്ട്രീയത്തിൻ്റെ അപചയമാണ്. അതിന് ഉത്തരവാദി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയല്ല. സനാതന ധർമ്മം ആർഎസ്എസ് ആണെന്ന് പറയുന്നത് തെറ്റാണ്. സനാതന ധർമവുമായി ആർഎസ്എസിന് യാതൊരു ബന്ധവുമില്ല. ഗാന്ധിജി സനാതന ധർമത്തിൽ വിശ്വസിച്ചിരുന്ന ആളാണ്. സനാതന ധർമം വേദങ്ങൾക്കും മുൻപേയുള്ള കാഴ്ചപ്പാടാണ്," ജി. സുധാകരൻ പറഞ്ഞു.

KERALA
തിരുവനന്തപുരത്തും പാലക്കാടും പാളം മുറിച്ചുകടക്കവേ ട്രെയിന്‍ തട്ടി അപകടം; നാല് പേർ മരിച്ചു
Also Read
user
Share This

Popular

WORLD
KERALA
WORLD
പാകിസ്ഥാനിൽ ഭീകരർ പിടിച്ചെടുത്ത ട്രെയിനിൽ നിന്ന് മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്തി