വർക്കല അയന്തി സ്വദേശി കുമാരി (58), വളർത്തു മകൾ അമ്മു (18) എന്നിവരാണ് മരിച്ചത്
സംസ്ഥാനത്ത് രണ്ടിടത്ത് ട്രെയിൻ തട്ടി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ ഇടിച്ച് ബന്ധുക്കളായ രണ്ട് പേർ മരിച്ചു. വർക്കല അയന്തി സ്വദേശി കുമാരി (58), വളർത്തു മകൾ അമ്മു (18) എന്നിവരാണ് മരിച്ചത്. രാത്രി 10 മണിയോടെ കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ എക്സ്പ്രസ് ട്രെയിൻ ആണ് ഇരുവരെയും ഇടിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പാലക്കാട് ലക്കിടിയിലും ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. 35 വയസുള്ള യുവാവും മകനായ രണ്ട് വയസുള്ള കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. ലക്കിടി റെയിൽവേ ഗേറ്റിന് സമീപത്താണ് അപകടം ഉണ്ടായത്. ആലത്തൂർ കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് അപകടത്തിൽ മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.