fbwpx
കൊമ്പന്മാർക്ക് സമനിലപ്പൂട്ടിട്ട് ഹൈദരാബാദ്; എട്ടാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ചു, ഇനി സൂപ്പർ കപ്പിനുള്ള ഒരുക്കങ്ങൾ
logo

ന്യൂസ് ഡെസ്ക്

Posted : 12 Mar, 2025 10:03 PM

ഏഴാം മിനിറ്റില്‍ ദുസാന്‍ ലഗാത്തോറിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്

FOOTBALL


അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണ്‍ അവസാനിപ്പിച്ചു. ജിഎംസി ബാലയോഗി സ്‌റ്റേഡിയത്തില്‍ നടന്ന ലീഗിലെ അവസാന റൗണ്ട് മത്സരത്തില്‍ ഹൈദരാബാദിനെതിരെയാണ് ലൂണയും കൂട്ടരും സമനില (1-1) വഴങ്ങിയത്. ഏഴാം മിനിറ്റില്‍ ദുസാന്‍ ലഗാത്തോറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും 45ാം മിനിറ്റില്‍ കണ്ണൂര്‍ സ്വദേശി സൗരവ് നേടിയ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിലൂടെ ഹൈദരാബാദ് സമനില പിടിക്കുകയായിരുന്നു.



കളി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. കോര്‍ണര്‍ കിക്കില്‍ നിന്ന് മുഹമ്മദ് ഐമെനാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിന്റെ വലതുഭാഗത്തേക്കെത്തിയ ക്രോസില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ദുസാന്‍ ലഗാത്തോറിന്റെ ഹെഡര്‍, അര്‍ഷ്ദീപ് സിങ് പന്ത് തടയാന്‍ ചാടിയെത്തിയെങ്കിലും പന്ത് കൃത്യം വലയിലെത്തി. സീസണില്‍ മോണ്ടിനെഗ്രോ താരത്തിന്റെ ആദ്യ ഗോള്‍. തൊട്ടടുത്ത നിമിഷം ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് ഐമെന്‍ ബോക്‌സിലേക്ക് മറ്റൊരു മനോഹര പാസ് കൂടി നല്‍കിയെങ്കിലും കോറോ സിങിന് അത് കൃത്യമായി കണക്ട് ചെയ്യാനായില്ല. 19ാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്ന് ബോക്സിനകത്ത് ഹൈദരാബാദിൻ്റെ മലയാളി ക്യാപ്റ്റന്‍ അലക്സ് സജി ഹെഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം അകന്നു. ആയുഷ് അധികാരിയുടെ ഒരു ലോങ് റേഞ്ചര്‍ ശ്രമത്തിന് ഡാനിഷ് ഫാറൂഖ് തടയിട്ടു.


37ാം മിനിറ്റില്‍ ബോക്‌സിലേക്ക് ലൂണ നല്‍കിയ ചിപ്പിങ് പാസുമായി കോറോ സിങ് മുന്നേറി, അലക്‌സ് സജി ഗോള്‍നീക്കം അനുവദിച്ചില്ല. ലൂണയുടെ ഒരു പവര്‍ ഷോട്ട് ഹൈദരാബാദ് ഗോളി തടഞ്ഞു, പിന്നാലെ കൗണ്ടര്‍ അറ്റാക്കിലൂടെ അവര്‍ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പം പിടിച്ചു. 45ാം മിനിറ്റില്‍ വലതുവിങില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്കെത്തിയ ക്രോസ് തടയാന്‍ ഐബന്‍ ഡോഹ്ലിങിന്റെ ശ്രമം, പന്ത് കാലില്‍ തട്ടി ഉയര്‍ന്നു. പന്ത് നേടിയ മലയാളി താരം സൗരവ് ഗോള്‍ വലക്ക് മുന്നില്‍ അതിമനോഹരമായൊരു ബൈസിക്കിള്‍ കിക്കിലൂടെ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു.


ALSO READ: 'സെൽഫ് ട്രാജഡി'യിൽ ജംഷഡ്‌പൂരിനോട് സമനില; പ്ലേ ഓഫ് കാണാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്ത്



24 മത്സരങ്ങളില്‍ 8 ജയവും 4 സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. 11 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി. സീസണില്‍ 33 ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേപിച്ച ടീം 37 ഗോളുകള്‍ വഴങ്ങുകയും ചെയ്തു. 24 മത്സരങ്ങളില്‍ ഹൈദരാബാദ് 18 പോയിന്റ് നേടി 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പ്ലേ ഓഫിലേക്കുള്ള വഴിയില്‍ നേരത്തെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി അടുത്ത മാസം നടക്കുന്ന സൂപ്പര്‍കപ്പിനായുള്ള ഒരുക്കങ്ങളിലേക്ക് കടക്കും.


KERALA
"രാജ്യത്തിൻ്റെ ആത്മാവിനെ ബാധിച്ച ക്യാൻസറിന് കാരണം സംഘപരിവാർ"; പ്രസംഗത്തിന് പിന്നാലെ തുഷാർ ഗാന്ധിയെ തടഞ്ഞ് RSS-BJP പ്രവർത്തകർ
Also Read
user
Share This

Popular

IPL 2025
WORLD
"രാജ്യത്തിൻ്റെ ആത്മാവിനെ ബാധിച്ച ക്യാൻസറിന് കാരണം സംഘപരിവാർ"; പ്രസംഗത്തിന് പിന്നാലെ തുഷാർ ഗാന്ധിയെ തടഞ്ഞ് RSS-BJP പ്രവർത്തകർ