അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനെന്ന പേരിലാണ് യുപി പൊലീസ് പള്ളികൾ മറയ്ക്കുന്നത്
ഉത്തർപ്രദേശ് സംഭലിൽ ഹോളി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ പത്ത് മുസ്ലീം പള്ളികൾ മറക്കാനൊരുങ്ങി യുപി സർക്കാർ. ഹോളി ദിനമായ മാർച്ച് 14ന് ഹോളി ആഘോഷയാത്ര നടക്കുന്ന രണ്ട് മണിക്കൂറാണ് പള്ളികൾ മറയ്ക്കുന്നത്. ഷാജപൂരിലും ഘോഷയാത്ര സമയത്ത് പള്ളികൾ മറക്കും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനെന്ന പേരിലാണ് യുപി പൊലീസ് പള്ളികൾ മറയ്ക്കുന്നത്.
ALSO READ: സൗന്ദര്യയുടെ മരണത്തിനു പിന്നില്‍ നടന്‍ മോഹന്‍ ബാബു? 21 വര്‍ഷങ്ങള്‍ക്കു ശേഷം പരാതി
സാമുദായിക ഐക്യം നിലനിർത്തുന്നതിനും, ഇരു സമുദായങ്ങൾക്കും അവരവരുടെ ഉത്സവങ്ങൾ പൂർണ സന്തോഷത്തോടെ ആഘോഷിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനുമാണ് ഈ തീരുമാനം എടുത്തതെന്ന് സംഭാൽ എസ്.പി. ശ്രീഷ് ചന്ദ്ര പ്രതികരിച്ചു. 'ചൗപായി' ഘോഷയാത്രയുടെ റൂട്ടിൽ വരുന്ന പത്ത് പള്ളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് സമുദായങ്ങൾക്കിടയിൽ എന്തെങ്കിലും അസ്വസ്ഥതയോ സംഘർഷമോ ഉണ്ടാകാതിരിക്കാനാണ് അവയെല്ലാം മറയ്ക്കുന്നതെന്നും ശ്രീഷ് ചന്ദ്ര പറഞ്ഞു. ഇത് വർഷങ്ങളായി തുടരുന്ന ഒരു പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച പ്രാർഥനകളുടെയും ചൗപായി ഘോഷയാത്രകളുടെയും സമയം പരസ്പരം ഒന്നാകാതിരിക്കാൻ മാറ്റുന്നതിനുള്ള ഒരു കരാറിലും എത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹോളി ദിനത്തിൽ കർശനമായ ജാഗ്രത പാലിക്കാനും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും യുപി പൊലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഷാഹി ജുമാ മസ്ജിദ്, ലദാനിയ വാലി മസ്ജിദ്, താനെ വാലി മസ്ജിദ്, ഏക് രാത് മസ്ജിദ്, ഗുരുദ്വാര റോഡ് മസ്ജിദ്, ഗോൾ മസ്ജിദ്, ഖജൂർ വാലി മസ്ജിദ്, അനാർ വാലി മസ്ജിദ്, അനാർ വാലി മസ്ജിദ്, അനാർ വാലി മസ്ജിദ് എന്നിവയാണ് മറയ്ക്കുന്ന മസ്ജിദുകൾ.
ബീഹാറിലെ ദർഭംഗ മേയർ മാർച്ച് 14ന് ഹോളി ആഘോഷങ്ങൾക്ക് രണ്ട് മണിക്കൂർ ഇടവേള നിർദ്ദേശിച്ചുകൊണ്ട് ഉത്തരവിറക്കിയത് നേരത്തെ വിവാദമായിരുന്നു. റംസാൻ മാസത്തിലെ വെള്ളിയാഴ്ച പ്രാർഥനയോടൊപ്പം നടക്കുന്നതിനാലാണ് ഇടവേള നിർദേശിച്ചത്. എന്നാൽ പരാമർശം വിവാദമുകുകയും ബിജെപിയിൽ നിന്ന് രൂക്ഷമായ വിമർശനം നേരിടുകയും ചെയ്തതോടെ അവർ ഖേദം പ്രകടിപ്പിച്ചു.