സ്വർണ കള്ളക്കടത്ത് സംഘവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധവും ഇവരുടെ കള്ളക്കടത്ത് ശൃംഖലകളും റിഥാന് അറിയാമായിരുന്നു എന്ന് പി. വി. അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെച്ച് വെടിയേറ്റു കൊല്ലപ്പെട്ട മലപ്പുറം എടവണ്ണയിലെ റിഥാൻ ബാസിലിൻ്റെ കുടുംബം. പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് റിഥാന്‍റെ പിതൃസഹോദരങ്ങളുടെ ആവശ്യം.
കഴിഞ്ഞ വർഷം, ഏപ്രിൽ 22നാണ് മലപ്പുറം എടവണ്ണ സ്വദേശി റിഥാൻ ബാസിലിനെ വീടിനു സമീപത്തെ ചെമ്പക്കുത്ത് മലയിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലക്കേസിൽ റിഥാൻ്റെ സുഹൃത്ത് ഷാനിനെ അറസ്റ്റ് ചെയ്തിരുന്നു. കൊലയിൽ ദുരൂഹതയുണ്ടെന്ന് പി.വി. അൻവർ പറഞ്ഞതാണ് റിഥാൻ്റെ കുടുംബത്തിന് ഇപ്പോൾ സംശയം വർധിക്കാൻ കാരണമായത്.
ഒരാൾക്ക് ഒറ്റയ്ക്ക് വെടിയുതിർത്ത് കൊല ചെയ്യാൻ കഴിയില്ലെന്ന് കുടുംബം നേരത്തെ പരാതി ഉന്നയിച്ചിരുന്നു. അതിനുള്ള കാരണവും കുടുംബം നിരത്തുന്നുണ്ട്. പൊലീസിൻ്റെ അന്വേഷണത്തിൽ സംശയമുണ്ടായിരുന്നു എന്ന് റിഥാൻ്റെ പിതൃ സഹോദരൻമാർ പറയുന്നു.
ALSO READ: എസ്.പി സുജിത് ദാസിന് സ്ഥലമാറ്റം; വി.ജി വിനോദ് കുമാർ പുതിയ പത്തനംതിട്ട എസ്.പിയാകും
സ്വർണ കള്ളക്കടത്ത് സംഘവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധവും ഇവരുടെ കള്ളക്കടത്ത് ശൃംഖലകളും റിഥാന് അറിയാമായിരുന്നു എന്ന് പി. വി. അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ കള്ളക്കടത്ത് സംഘത്തെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് റിഥാനോടുള്ള വിരോധമാണ് കൊലക്ക് കാരണം എന്ന് കുടുംബവും സംശയിക്കുന്നു.
കേസില്‍ ഷാനെ പ്രതി ചേർത്തെങ്കിലും കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്തണം എന്നാവശ്യപ്പെട്ട് സമരസമിതി രൂപീകരിച്ച് തുടർ പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുകയാണ് എടവണ്ണ സ്വദേശികള്‍.