മോദി സർക്കാർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. അംബേദ്കറുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുക പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്‍റെ കടമയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തില്‍ വിയോജനക്കുറിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാതിരാ നിയമനം മര്യാദകേടാണെന്നും ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് നീക്കി സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുവെന്നും രാഹുൽ വിമർശിച്ചു. മോദി സർക്കാർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. അംബേദ്കറുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുക പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്‍റെ കടമയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റിയുടെ യോഗത്തിൽ ഞാൻ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒരു വിയോജിപ്പ് കുറിപ്പ് സമർപ്പിച്ചു. അതിൽ പറയുന്നത് ഇങ്ങനെയാണ്. "എക്സിക്യൂട്ടീവ് ഇടപെടലുകളിൽ നിന്ന് മുക്തമായ ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശം തെരഞ്ഞെടുപ്പ് കമ്മീഷണറേയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്തു കൊണ്ട്, മോദി സർക്കാർ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകൾ വർധിപ്പിച്ചു," രാഹുൽ എക്സിൽ കുറിച്ചു.
"പ്രതിപക്ഷ നേതാവെന്ന നിലയില്‍ ബാബാ സാഹേബ് അംബേദ്കറുടെയും നമ്മുടെ രാജ്യത്തിൻ്റെ സ്ഥാപക നേതാക്കളുടെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്യേണ്ടത് എൻ്റെ കടമയാണ്. കമ്മിറ്റിയുടെ ഘടനയും പ്രക്രിയയും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും, 48 മണിക്കൂറിനുള്ളിൽ വാദം കേൾക്കുകയും ചെയ്യേണ്ട സമയത്ത്, പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അർധരാത്രിയിൽ തീരുമാനമെടുത്തത് അനാദരവും മര്യാദകേടുമാണ്," രാഹുൽ എക്സിൽ കുറിച്ചു.