fbwpx
"നഷ്ടമായത് തീക്ഷ്ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവിനെ, നാടിനാകെ നികത്താനാവാത്ത വിടവ്": എം.വി. ഗോവിന്ദൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Feb, 2025 07:04 PM

കാൻസർ ബാധിതനായി ചികിത്സയിലായിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു എ.വി. റസലിൻ്റെ അന്ത്യം

KERALA


സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി. റസലിൻ്റെ വിയോഗത്തിൽ അനുശോചനകുറിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തീക്ഷ്‌ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവിനെയാണ്‌ എ.വി. റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്‌ കുറിപ്പിൽ പറയുന്നു. സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ്‌ റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി അനുശോചിച്ചു.


മുഴുവൻ ആയുസും പാർട്ടിക്ക് വേണ്ടി സമർപ്പിച്ച മനുഷ്യനാണ് എ.വി. റസലെന്ന് എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. തികഞ്ഞ ജനസേവകനായ അദ്ദേഹം സഹകരണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ്. സംഘടനാപ്രവർത്തനം പോരാട്ടമാക്കി അഹോരാത്രം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.


"കൊല്ലം എസ്‌എൻ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകനായും തുടർന്ന്‌ യുവജന പ്രവർത്തകനായും പൊതുരംഗത്തേയ്ക്ക്‌ കടന്നുവന്ന റസൽ അതിതീക്ഷ്‌ണ പോരാട്ടങ്ങൾക്കാണ്‌ നേതൃത്വം നൽകിയത്‌. കൂത്തുപറമ്പിലും മുത്തങ്ങയിലും യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പൊലീസ്‌ നടത്തിയ നരവേട്ടയ്ക്കെതിരെ അതിശക്ത സമരങ്ങൾ നയിച്ച റസൽ ക്രൂരമായ പൊലീസ്‌ മർദനത്തിനും ഇരയായി. കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചിട്ടും റസൽ നിസ്വാർഥരായ മനുഷ്യർക്കായുള്ള പോരാട്ടം തുടർന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടിവി പുരം സെമിത്തേരി വിഷയത്തിൽ നടത്തിയ അത്യുജ്ജ്വല ഇടപെടലുകൾ നാട്‌ മറക്കില്ല. ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും സംഘപരിവാറുകാർ ചുട്ടുകൊന്നപ്പോൾ യുവജനങ്ങളെ അണിനിരത്തി മതനിരപേക്ഷതയുടെ മുദ്രാവാക്യം ജനങ്ങളിലെത്തിക്കാനും നേതൃത്വം നൽകി," കുറിപ്പിൽ പറയുന്നു.


ALSO READ: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസൽ അന്തരിച്ചു


കാൻസർ ബാധിതനായി ചികിത്സയിലായിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു എ.വി. റസലിൻ്റെ അന്ത്യം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. കഴിഞ്ഞ കോട്ടയം ജില്ലാ സമ്മേളനത്തിൽ ഇദ്ദേഹത്തെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി നിലനിർത്തുകയായിരുന്നു. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍. വാസവന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിപ്പിച്ചപ്പോൾ രണ്ടുതവണയും റസൽ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെയാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.


കുറിപ്പിൻ്റെ പൂർണ രൂപം:

തീക്ഷ്‌ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവിനെയാണ്‌ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്‌. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ്‌ റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്‌.

കൊല്ലം എസ്‌ എൻ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകനായും തുടർന്ന്‌ യുവജന പ്രവർത്തകനായും പൊതുരംഗത്തേയ്ക്ക്‌ കടന്നുവന്ന റസൽ അതിതീക്ഷ്‌ണ പോരാട്ടങ്ങൾക്കാണ്‌ നേതൃത്വം നൽകിയത്‌. കൂത്തുപറമ്പിലും മുത്തങ്ങയിലും യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പൊലീസ്‌ നടത്തിയ നരവേട്ടയ്ക്കെതിരെ അതിശക്ത സമരങ്ങൾ നയിച്ച റസൽ ക്രൂരമായ പൊലീസ്‌ മർദനത്തിനും ഇരയായി. കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചിട്ടും റസൽ നിസ്വാർഥരായ മനുഷ്യർക്കായുള്ള പോരാട്ടം തുടർന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി വി പുരം സെമിത്തേരി വിഷയത്തിൽ നടത്തിയ അത്യുജ്ജ്വല ഇടപെടലുകൾ നാട്‌ മറക്കില്ല. ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും സംഘപരിവാറുകാർ ചുട്ടുകൊന്നപ്പോൾ യുവജനങ്ങളെ അണിനിരത്തി മതനിരപേക്ഷതയുടെ മുദ്രാവാക്യം ജനങ്ങളിലെത്തിക്കാനും നേതൃത്വം നൽകി.


ALSO READ: എസ്എഫ്ഐക്ക് പുതിയ നേതൃത്വം; പി.എസ്. സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം. ശിവപ്രസാദ് സംസ്ഥാന പ്രസിഡൻ്റ്


സിപിഐ എം ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിലെല്ലാം നാടിന്റെ വികസനത്തിനും മുന്നേറ്റത്തിനുമായ ഇടപെടലുകൾ നടത്തി. സഹകാരിയെന്ന നിലയിൽ സഹകരണ മേഖലയിലും പ്രാവീണ്യം തെളിയിക്കാനായി. യുവജന സമരമുഖത്തെ അനുഭവങ്ങളുമായി പൊതുപ്രസ്ഥാനത്തിന്റെ ഭാഗമായ റസൽ കോട്ടയത്ത്‌ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയാകെയും സുശക്തമായി നയിച്ചുവരികയായിരുന്നു. സിഐടിയു പ്രവർത്തകനും നേതാവുമായി തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണിയിലും റസൽ നിറഞ്ഞു നിന്നിരുന്നു.

സംഘടിതരും അസംഘടിതരുമായ മനുഷ്യരെ ചേർത്ത്‌ അവരുടെ അവകാശപോരാട്ടങ്ങളുടെ നേതൃത്വമായി മാറിയ സഖാവിന്റെ ആകസ്‌മിക വിയോഗം അതീവ ദുഃഖകരവും വേദനിപ്പിക്കുന്നതുമാണ്‌. അർബുദരോഗത്തെ ചെറുത്തും പൊതുപ്രവർത്തന രംഗത്ത്‌ സജീവമായി നിൽക്കവെയാണ്‌ അപ്രതീക്ഷിതമായി മരണം കടന്നുവന്നത്‌. ചികിത്സയിലായിരുന്ന റസലുമായി ഇന്നലെയും ആരോഗ്യ വിവരങ്ങൾ തിരക്കിയിരുന്നു. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും ഉടൻ തിരിച്ചെത്തുമെന്നുമുള്ള ആത്മവിശ്വാസമായിരുന്നു അപ്പോൾ പങ്കുവെച്ചത്‌. ആശുപത്രിയിൽ പരിശോധന കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോഴുണ്ടായ ഹൃദയാഘാതമാണ്‌ അപ്രതീക്ഷിത വിയോഗത്തിന്‌ കാരണമായത്‌.

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയെന്ന ചുമതലയിൽ സജീവമായിരിക്കുമ്പോഴുള്ള വിയോഗം പാർട്ടിക്ക്‌ അപരിഹാര്യമായ നഷ്ടമാണ്‌. പാർട്ടി സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഒപ്പംചേരുന്നു.

പ്രിയ സഖാവിന്‌ രക്താഭിവാദ്യങ്ങൾ..




KERALA
"ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് പ്രായോഗിക നിലപാട്, എൽഡിഎഫ് അത് സ്വാഗതം ചെയ്യുന്നു": ടി.പി. രാമകൃഷ്ണൻ
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
"ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് പ്രായോഗിക നിലപാട്, എൽഡിഎഫ് അത് സ്വാഗതം ചെയ്യുന്നു": ടി.പി. രാമകൃഷ്ണൻ