ഒറ്റപ്പെട്ട വ്യക്തിഗതമായ മികവിനപ്പുറം, ഒരു ടീം എന്ന നിലയില്‍ കേരളം ഇന്ത്യന്‍ ക്രിക്കറ്റില്‍ സാന്നിധ്യം അറിയിച്ചിരിക്കുന്നു എന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി പറഞ്ഞു.
ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ എത്തിയ കേരള ടീമിന് അഭിനന്ദനങ്ങളുമായി മന്ത്രി എം.ബി. രാജേഷ്. കേരള ക്രിക്കറ്റിന്റെ ചരിത്ര നിമിഷമാണിതെന്ന് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
കേരള ക്രിക്കറ്റില്‍ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഇപ്പോള്‍ ഈ ഫൈനല്‍ പ്രവേശം വന്നിരിക്കുന്നത്. ഒറ്റപ്പെട്ട വ്യക്തിഗതമായ മികവിനപ്പുറം, ഒരു ടീം എന്ന നിലയില്‍ കേരളം ഇന്ത്യന്‍ ക്രിക്കറ്റില്‍ സാന്നിധ്യം അറിയിച്ചിരിക്കുന്നു എന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി പറഞ്ഞു.
ALSO READ: ചരിത്രം പിറന്നു; കേരളം രഞ്ജി ട്രോഫി ഫൈനലില്‍
ഫൈനലിലേക്കുള്ള ഈ മുന്നേറ്റം, തീര്‍ച്ചയായും ഒരു യാദൃച്ഛികതയല്ല. സ്ഥിരതയാര്‍ന്ന, ടീമെന്ന നിലയിലുള്ള പ്രകടനത്തിലൂടെയാണ് കേരളം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേരളാ ക്രിക്കറ്റ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍, അഭിവാദ്യങ്ങള്‍ എന്നും മന്ത്രി കുറിച്ചു.
1957 മുതല്‍ രഞ്ജി ട്രോഫി കളിക്കുന്ന കേരളം ആദ്യമായാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത കേരളം 457 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ ഇന്നിങ്‌സ് 455 റണ്‍സിന് അവസാനിച്ചു. രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്.
ALSO READ: ആരാണ് കേരള രഞ്ജി ടീമിനെ ഫൈനലിൽ എത്തിച്ച അമേയ് ഖുറാസിയ?
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളാ ക്രിക്കറ്റിന്റെ ചരിത്രനിമിഷമാണിത്. ആദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയിരിക്കുന്നു. ക്രിക്കറ്റില്‍ വലിയ ഒരു പാരമ്പര്യം കേരളത്തിന് അവകാശപ്പെടാനില്ല. ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത് ടിനു യോഹന്നാനായിരുന്നു. പിന്നീട് കുറച്ചുകാലം പതിവായി ഇന്ത്യന്‍ ടീമില്‍ കളിച്ചത് ശ്രീശാന്തായിരുന്നു. ഇപ്പോള്‍ സഞ്ജു സാംസണും കളിക്കുന്നു. ഇവരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനുള്ള കേരളത്തിന്റെ കാര്യമായ സംഭാവന മറ്റൊന്നുമില്ല.
എന്നാല്‍ കേരള ക്രിക്കറ്റില്‍ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഇപ്പോള്‍ ഈ ഫൈനല്‍ പ്രവേശം വന്നിരിക്കുന്നത്. ഒറ്റപ്പെട്ട വ്യക്തിഗതമായ മികവിനപ്പുറം, ഒരു ടീം എന്ന നിലയില്‍ കേരളം ഇന്ത്യന്‍ ക്രിക്കറ്റില്‍ സാന്നിധ്യം അറിയിച്ചിരിക്കുന്നു എന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത. വന്‍ മത്സരങ്ങള്‍ കളിക്കാനും ജയിക്കാനുമുള്ള പക്വത കേരളാ ക്രിക്കറ്റ് ടീം കൈവരിച്ചിരിക്കുന്നു. ജമ്മു കാശ്മീരിന് എതിരായ ക്വാര്‍ട്ടര്‍ മത്സരത്തിലും, ഗുജറാത്തിന് എതിരായ സെമി ഫൈനല്‍ മത്സരത്തിലും കേരളം കളിച്ച രീതി കേരളാ ക്രിക്കറ്റിന് പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കുന്നതാണ്.
നിര്‍ണ്ണായകമായ ഒറ്റ റണ്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിലാണ് ജമ്മു കാശ്മീരിനെ കേരളം ക്വാര്‍ട്ടറില്‍ മറികടന്നത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ, ക്രിക്കറ്റിന്റെ അനിശ്ചിതത്വങ്ങള്‍ മുഴുവന്‍ പ്രകടമായ സെമിഫൈനല്‍ മത്സരത്തില്‍ സമാനമായ രീതിയില്‍ രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ആണ് കേരളത്തെ ഫൈനലിലെത്തിച്ചത്. ഓരോ നിര്‍ണായക ഘട്ടത്തിലും ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കേരളത്തിന്റെ പല കളിക്കാരും രക്ഷകരായി അവതരിച്ചു. അതില്‍ മുഹമ്മദ് അസറുദീന്റെയും സല്‍മാന്‍ നിസാറിന്റെയും എം ഡി നിധീഷിന്റെയുമെല്ലാം പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ക്ഷമാപൂര്‍വം പിച്ചിന്റെ സ്വഭാവമറിഞ്ഞ് നടത്തിയ പ്രകടനം അസറുദീന്റെ ക്ലാസ് വ്യക്തമാക്കുന്നതാണ്.
ജമ്മു കാശ്മീരിന് എതിരായും ഇപ്പോള്‍ ഗുജറാത്തിന് എതിരായും മുഹമ്മദ് അസറുദ്ദീന്‍ കളിച്ച ഇന്നിങ്‌സുകള്‍ അവിസ്മരണീയമായിരുന്നു. അതിഥി താരങ്ങളായ ജലജ് സക്‌സേനയും ആദിത്യ സര്‍വാത്തെയും കേരളത്തിന്റെ വിജയത്തില്‍ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കി. ഫൈനലിലേക്കുള്ള ഈ മുന്നേറ്റം, തീര്‍ച്ചയായും ഒരു യാദൃശ്ചികതയല്ല. സ്ഥിരതയാര്‍ന്ന, ടീമെന്ന നിലയിലുള്ള പ്രകടനത്തിലൂടെയാണ് കേരളം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
കേരളാ ക്രിക്കറ്റ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍, അഭിവാദ്യങ്ങള്‍